പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനുള്ള നീക്കം; അതൃപ്തി അറിയിച്ച് സുപ്രീം കോടതി

പുതിയ പാര്ലമെന്റ് മന്ദിരത്തിന് ഡിസംബര് 10ന് തറക്കല്ലിടാനുള്ള നീക്കത്തില് അതൃപ്തി അറിയിച്ച് സുപ്രീം കോടതി.
 | 
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനുള്ള നീക്കം; അതൃപ്തി അറിയിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഡിസംബര്‍ 10ന് തറക്കല്ലിടാനുള്ള നീക്കത്തില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. സെന്‍ട്രല്‍ വിസ്ത എന്ന പേരില്‍ പ്രഖ്യാപിച്ചിപിച്ചിരിക്കുന്ന പദ്ധതിയുടെ തറക്കല്ലിടലിന് വിലക്ക് ഏര്‍പ്പെടുത്തിയില്ലെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പൊളിക്കുന്നതും പാടില്ലെന്ന് കോടതി വ്യക്തമാക്കി. പദ്ധതിക്കെതിരെ ലഭിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് എ.എം.ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിരിക്കുന്നത്.

പദ്ധതി സ്റ്റേ ചെയ്തിട്ടില്ല എന്നു കരുതി നിര്‍മാണം നടത്താനാവില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കോടതി നിര്‍ദേശം നല്‍കിയത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കത്തെയും കോടതി വിമര്‍ശിച്ചു. പദ്ധതിയെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. ഇതിനിടെ സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കമാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്.

കേസുകളില്‍ വിധി വരുന്നതു വരെ പൊളിക്കലോ നിര്‍മാണമോ മരങ്ങള്‍ വെട്ടുന്നതോ ഉള്‍പ്പെടെ യാതൊരു വിധ പ്രവര്‍ത്തനങ്ങളും പാടില്ല. ശിലാസ്ഥാപനം നടത്തുകയും പേപ്പര്‍വര്‍ക്കുകള്‍ തുടരുകയും ചെയ്യാമെന്നും കോടതി വ്യക്തമാക്കി. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പ്രധാന ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.