രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്ന് സുപ്രീം കോടതി; ജീവപര്യന്തം തടവില്‍ സുപ്രീം കോടതി ബഞ്ചില്‍ ഭിന്നത

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സര്ക്കാരിന് പ്രതികളെ വിട്ടയക്കുന്ന കാര്യത്തില് തീരുമാനമെടുക്കാനാകില്ല. പ്രതികളുടെ മോചനത്തില് കേന്ദ്രസര്ക്കാരിന് തീരുമാനമെടുക്കാമെന്നു് കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഇത് വ്യക്തമാക്കിയത്. ജീവപര്യന്തം തടവിനേക്കുറിച്ചുണ്ടായ ചര്ച്ചയില് ബഞ്ചില് ഭിന്നാഭിപ്രായങ്ങളുയര്ന്നു. ജീവപര്യന്തമെന്നാല് ജീവിതാവസാനം വരെയുള്ള തടവാണെന്ന അഭിപ്രായത്തോട് മൂന്നുപേര് യോജിച്ചപ്പോള് രണ്ടുപേര് വിയോജിപ്പ് പ്രകടിപ്പിച്ചു.
 | 
രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്ന് സുപ്രീം കോടതി; ജീവപര്യന്തം തടവില്‍ സുപ്രീം കോടതി ബഞ്ചില്‍ ഭിന്നത

 

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. പ്രതികളുടെ മോചനത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നു് കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഇത് വ്യക്തമാക്കിയത്. ജീവപര്യന്തം തടവിനേക്കുറിച്ചുണ്ടായ ചര്‍ച്ചയില്‍ ബഞ്ചില്‍ ഭിന്നാഭിപ്രായങ്ങളുയര്‍ന്നു. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയുള്ള തടവാണെന്ന അഭിപ്രായത്തോട് മൂന്നുപേര്‍ യോജിച്ചപ്പോള്‍ രണ്ടുപേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

കേന്ദ്ര ഏജന്‍സിയായ സിബിഐയാണ് കേസ് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തിയത്. ഇവരെ വിട്ടയക്കാന്‍ കേന്ദ്രത്തിന്റെ സമ്മതമില്ലാതെ തമിഴ്‌നാട് സര്‍ക്കാരിന് അധികാരമില്ല. ജീവപര്യന്തം തടവനുഭവിക്കുന്ന പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം സംസ്ഥാനങ്ങള്‍ക്ക് സ്വമേധയാ എടുക്കാനാകില്ലെന്നും എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബഞ്ച് വിധിയില്‍ വ്യക്തമാക്കി. പ്രതികളാണ് തങ്ങളുടെ മോചനത്തിനു വേണ്ടി അപേക്ഷിക്കേണ്ടത്. അല്ലാതെ സംസ്ഥാന സര്‍ക്കാരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവപര്യന്തം തടവ് ലഭിച്ച പ്രതികളെ മോചിപ്പിക്കണമെങ്കില്‍ സര്‍ക്കാരുകള്‍ ശിക്ഷ വിധിച്ച കോടതിയുടെ അനുമതി തേടണം. മറ്റു കേസുകളിലും ഇത് ബാധകമാണെന്നും കോടതി പറഞ്ഞു.

രാജീവ് വധക്കേസിലെ പ്രതികളെ മാപ്പ് നല്‍കി വിട്ടയക്കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷയില്‍ വിധി പ്രഖ്യാപിക്കുകയായിരുന്നു കോടതി. രാജീവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുള്‍പ്പെടെ ഏഴ് പ്രതികളെ ശിക്ഷ ഒഴിവാക്കി വിട്ടയയ്ക്കണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. മഹാത്മാഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗോപാല്‍ വിനായക്‌റാം ഗോഡ്‌സെയെ 1964ല്‍ വിട്ടയച്ചതും തമിഴ്‌നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസുമാരായ എഫ്.എം.ഐ. കാലിഫുള്ള, പിനാകി ചന്ദ്ര ഘോഷ്, അഭയ് മനോഹര്‍ സാപ്രെ, യു.യു.ലളിത് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ദയാഹര്‍ജിയില്‍ തീര്‍പ്പുണ്ടാകാന്‍ കാലതാമസമുണ്ടായതിനേത്തുടര്‍ന്ന് ഇവര്‍ക്ക് നല്‍കിയ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. പ്രതികള്‍ ജീവപര്യന്തത്തിന്റെ കാലാവധിയായ പതിനാല് വര്‍ഷത്തിലേറെ തടവില്‍ കഴിഞ്ഞതിനാല്‍ ഇവരെ വിട്ടയക്കണമെന്നായിരുന്നു തമിഴ്‌നാട് വാദിച്ചത്. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാടിന്റെ തീരുമാനത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ചത് യുപിഎ സര്‍ക്കാരായിരുന്നു.