8 മണിക്ക് മുന്‍പായി ക്ലാസിലെത്തി സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യണം; ‘ഗോസ്റ്റ് ടീച്ചിംഗ്’ തടയാന്‍ യു.പി വിദ്യാഭ്യാസ വകുപ്പ്

പദ്ധതി നടപ്പിലാക്കിയതിന് ശേഷം ഏതാണ്ട് 700 ഓളം അധ്യാപകര്ക്ക് ഒരു ദിവസത്തെ ശമ്പളം നഷ്ടമായിട്ടുണ്ട്.
 | 
8 മണിക്ക് മുന്‍പായി ക്ലാസിലെത്തി സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യണം; ‘ഗോസ്റ്റ് ടീച്ചിംഗ്’ തടയാന്‍ യു.പി വിദ്യാഭ്യാസ വകുപ്പ്

ലക്‌നൗ: ടഗോസ്റ്റ് ടീച്ചിംഗിന്’ തടയിടാന്‍ വ്യത്യസ്ഥ മാര്‍ഗവുമായി ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പ്. ഇനിമുതല്‍ അധ്യാപകര്‍ രാവിലെ 8 മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ബേസിക് ശിക്ഷ അധികാരിയുടെ വെബ് പേജില്‍ പോസ്റ്റ് ചെയ്യണം. സമയനിഷ്ഠമായി സെല്‍ഫി പോസ്റ്റ് ചെയ്തില്ലെങ്കില്‍ അധ്യാപകന്റെ ഒരു ദിവസത്തെ ശമ്പളം നഷ്ടമാകും. ബാരാബങ്കി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും പുതിയ പദ്ധതി നടപ്പിലാക്കി കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതി നടപ്പിലാക്കിയതിന് ശേഷം ഏതാണ്ട് 700 ഓളം അധ്യാപകര്‍ക്ക് ഒരു ദിവസത്തെ ശമ്പളം നഷ്ടമായിട്ടുണ്ട്. പകരം ആളെ വെച്ച് ക്ലാസുകള്‍ എടുക്കുന്നതിനെയാണ് ഗോസ്റ്റ് ടീച്ചിംഗ് എന്ന് വിളിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരെ ഉപയോഗപ്പെടുത്തി യു.പിയിലെ അധ്യാപകര്‍ ഗോസ്റ്റ് ടീച്ചിംഗ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതര്‍ പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മാസങ്ങളോളം സ്‌കൂളില്‍ എത്താത്ത അധ്യാപകരുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സര്‍ക്കാര്‍ അധ്യാപകരുടെ മാസ വരുമാനത്തിന്റെ പകുതില്‍ താഴെ ശമ്പളത്തില്‍ ഗോസ്റ്റ് ടീച്ചിംഗ് നടത്താന്‍ ആളുകള്‍ ലഭ്യമാണ്. ഇത് ഉപയോഗപ്പെടുത്തിയാണ് മിക്കവരും തട്ടിപ്പ് നടത്തുന്നത്. പുതിയ സെല്‍ഫി പദ്ധതി ഇത്തരം തട്ടിപ്പുകള്‍ക്ക് തടയിടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അധ്യയന മണിക്കൂറുകളില്‍ അദ്ധ്യാപകര്‍ സമൂഹ മാധ്യമങ്ങളില്‍ സമയം ചെയവഴിച്ചാലും ശമ്പളം നഷ്ടമാകും. അതേസമയം പദ്ധതിക്കെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സാങ്കേതിക കാരങ്ങള്‍ കാരണം സെല്‍ഫി പോസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ശമ്പളം നഷ്ടുന്നുണ്ടെന്നും ഇത് നീതിയുക്തമായ നടപടിയല്ലെന്നുമാണ് ചിലരുടെ വാദം.