‘ഠാക്കൂര്‍’ ഷൂസ് വിറ്റത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തിയെന്ന് പരാതി; മുസ്ലീം കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

വര്ഷങ്ങളായി വിപണിയിലുള്ള ബ്രാന്ഡിന്റെ ഷൂസ് വിറ്റതിന് മുസ്ലീം കച്ചവടക്കാരനെ മതസ്പര്ദ്ധ വളര്ത്തിയതിനുള്ള വകുപ്പുകള് ചുമത്തി അറസ്റ്റ് ചെയ്ത് യുപി പോലീസ്.
 | 
‘ഠാക്കൂര്‍’ ഷൂസ് വിറ്റത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തിയെന്ന് പരാതി; മുസ്ലീം കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

വര്‍ഷങ്ങളായി വിപണിയിലുള്ള ബ്രാന്‍ഡിന്റെ ഷൂസ് വിറ്റതിന് മുസ്ലീം കച്ചവടക്കാരനെ മതസ്പര്‍ദ്ധ വളര്‍ത്തിയതിനുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് യുപി പോലീസ്. ഠാക്കൂര്‍ എന്ന ബ്രാന്‍ഡിലുള്ള ചെരുപ്പ് വിറ്റതിനാണ് ബുലന്ദ്ശഹറില്‍ കച്ചവടക്കാരാനായ നാസിറിനെ പോലീസ് ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തത്. സംഘപരിവാര്‍ സംഘടനയായ ബജ്രംഗ്ദള്‍ നല്‍കിയ പരാതിയിലാണ് നടപടി. ഹിന്ദു മേല്‍ജാതിപ്പേരാണ് ഠാക്കൂര്‍ എന്നും അത് ഷൂസുകളില്‍ എഴുതിവെച്ചതിലൂടെ സാമുദായിക വിദ്വേഷം പരത്തുകയാണ് നാസിര്‍ ചെയ്തതെന്നായിരുന്നു ബജ്രംഗ്ദള്‍ കോര്‍ഡിനേറ്ററായ വിശാല്‍ ചൗഹാന്‍ പരാതിയില്‍ പറഞ്ഞത്.

ഞങ്ങള്‍ കടയില്‍ പോയി അയാളെ പോലീസിന് കൈമാറിയെന്ന് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐപിസി 153എ, 323, 504 തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നാസിറിനെതിരെ കേസെടുത്തത്. ഷൂസ് നിര്‍മാതാക്കളാണ് ഠാക്കൂര്‍ എന്ന പേര് എഴുതിയിരിക്കുന്നതെന്നും താന്‍ ഇത് വില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും നാസിര്‍ പോലീസുകാരോട് പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ നാസിറിനെ പിന്നീട് തെളിവുകളില്ലാത്തതിനാല്‍ പോലീസ് വിട്ടയച്ചു.

60 വര്‍ഷത്തിലേറെയായി മാര്‍ക്കറ്റിലുള്ള ചെരുപ്പ് ബ്രാന്‍ഡാണ് ഠാക്കൂര്‍. ഇക്കാര്യത്തെക്കുറിച്ച് പോലീസ് തന്നോടൊന്നും ചോദിച്ചിട്ടില്ലെന്നാണ് ഠാക്കൂര്‍ ഫുട്ട് വെയര്‍ കമ്പനി ഉടമ നരേന്ദ്ര ത്രിലോകാനി പറഞ്ഞത്. ത്രിലോകാനിയുടെ മുത്തച്ഛന്‍ ഠാക്കൂര്‍ ദാസ് ത്രിലോകാനിയാണ് ആഗ്ര ആസ്ഥാനമായി ചെരുപ്പു കമ്പനി സ്ഥാപിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ഉള്‍പ്പെടെ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.