രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമിച്ചതായി പരാതി; ‘സ്‌നൈപ്പര്‍’ ഉപയോഗിച്ചതായി സൂചന

മാധ്യമങ്ങളോട് സംസാരിക്കാവെ രാഹുലിന്റെ ശരീരത്തില് പലതവണ ലേസര് രശ്മികള് പതിച്ചതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
 | 
രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമിച്ചതായി പരാതി; ‘സ്‌നൈപ്പര്‍’ ഉപയോഗിച്ചതായി സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമം നടന്നതായി സൂചന. അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കാവെ രാഹുലിന്റെ ശരീരത്തില്‍ പലതവണ ലേസര്‍ രശ്മികള്‍ പതിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സാധാരണയായി സ്‌നൈപ്പര്‍ തോക്കുകളിലാണ് ഇത്തരം ലേസര്‍ രശ്മികള്‍ കാണാറുള്ളത്. രാഹുലിന്റെ ജീവന്‍ അപകടത്തിലാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമേഠിയിലെ സംഭവത്തിന് ശേഷം രാഹുലിന്റെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്താണ് ലേസര്‍ രശ്മികള്‍ രാഹുലിന്റെ ശരീരത്തില്‍ ദൃശ്യമായത്. കടുത്ത സുരക്ഷാ വലയത്തിലായിരുന്നിട്ടും എങ്ങനെ ലേസര്‍ കിരണങ്ങള്‍ പതിച്ചുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. ഏഴുതവണ മുഖത്തും തലയിലും നീല പ്രകാശം കണ്ടുവെന്ന് ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ലേസര്‍ തോക്കോ അല്ലെങ്കില്‍ സ്‌നൈപ്പര്‍ തോക്കോ ആകാമെന്നാണ് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നത്.

പാര്‍ട്ടി നിസാരമായിട്ടല്ല ഈ സംഭവത്തെ കാണുന്നത്. ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദഗ്ദ്ധരായ ആളുകളെ വിഷയത്തില്‍ പ്രാഥമിക പരിശോധന നടത്താന്‍ നിയോഗിച്ചിരുന്നു. അതിന് ശേഷം മാത്രമാണ് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് കൊലപാതകം ശ്രമമെന്നതും ഗൗരവമേറിയ കാര്യമാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.