ഡൽഹി മൃഗശാലയിൽ സംഭവിച്ചതെന്ത്? യഥാർത്ഥ വീഡിയോ പുറത്ത്

ഡൽഹി മൃഗശാലയിൽ വിദ്യാർത്ഥിയെ വെള്ളക്കടുവ കടിച്ചുകൊന്നു. കിഴക്കൻ ഡൽഹിയിലെ ആനന്ദ് പർബത് സ്വദേശിയും പന്ത്രണ്ടാ ക്ലാസ് വിദ്യാർത്ഥിയുമായ മഖ്സൂദാണ്(20) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം.
 | 

ന്യൂഡൽഹി: ഡൽഹി മൃഗശാലയിൽ വിദ്യാർത്ഥിയെ വെള്ളക്കടുവ കടിച്ചുകൊന്നു. കിഴക്കൻ ഡൽഹിയിലെ ആനന്ദ് പർബത് സ്വദേശിയും പന്ത്രണ്ടാ ക്ലാസ് വിദ്യാർത്ഥിയുമായ മഖ്‌സൂദാണ്(20) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിടങ്ങിൽ വീണതാണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കടുവയെ അടച്ചിരുന്ന കൂട് വളരെ താഴ്ന്നതായിരുന്നുവെന്നും ഇവർ പറഞ്ഞു. എന്നാൽ ഇയാൾ സ്വയം കൂട്ടിലേയ്ക്ക് ചാടുകയായിരുന്നു എന്നാണ് മൃഗശാലാ അധികൃതർ വ്യക്തമാക്കുന്നത്.

കമ്പിവേലി ചാടിക്കടക്കാൻ ശ്രമിച്ച ഇയാളെ പലതവണ കാവൽക്കാരൻ വിലക്കിയതായും അധികൃതർ പറഞ്ഞു. എന്നാൽ സുരക്ഷാ ജീവനക്കാരുടെ മുന്നറിയിപ്പ് ഇയാൾ അവഗണിച്ചെന്നും അവരുടെ ശ്രദ്ധമാറിയ തക്കം നോക്കി ഇയാൾ വേലി ചാടി കടുവക്കൂട്ടിലെത്തുകയായിരുന്നെന്നും നാഷണൽ സുവോളജിക്കൽ പാർക്ക് ക്യൂറേറ്റർ ആർ.എ.ഖാൻ പറയുന്നു. മുൻപ് മനോദൗർബല്യത്തിന് ചികിത്സ തേടിയിരുന്നയാളാണ് മഖ്‌സൂദെന്നും സൂചനയുണ്ട്. എങ്ങനെയാണ് മഖ്‌സൂദ് പതിനെട്ടടി താഴ്ചയുള്ള കിടങ്ങിൽ വീണതെന്ന കാര്യത്തിൽ വ്യക്തതയില്ല.

കൂട്ടിലേയ്ക്ക വീണ യുവാവിനെ ഓടിയെത്തിയ കടുവ കുറേ നേരം ഉപദ്രവിക്കാതെ നോക്കി നിന്നതായും ദൃക്‌സാക്ഷികൾ പറയുന്നു. പ്രകോപിതരായ കാഴ്ചക്കാർ കടുവയുടെ ശ്രദ്ധതിരിക്കാനായി ബഹളം വയ്ക്കുകയും കടുവയ്ക്ക് നേരെ കല്ലെറിയുകയും കമ്പിവേലിയിൽ അടിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ കടുവ യുവാവിന്റെ കഴുത്തിൽ കടിച്ച് തൂക്കിയെടുത്ത് തൊട്ടടുത്ത കോൺക്രീറ്റ് വലയത്തിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. നിമിഷങ്ങൾക്കകം യുവാവിന്റെ ജഡം ഉപേക്ഷിക്കുകയും ചെയ്തു. കൂട്ടിലേക്ക് വീണ് 20 മിനിറ്റോളം കഴിഞ്ഞാണ് മൃഗശാലാ ജീവനക്കാർ സ്ഥലത്തെത്തിയതെന്നും ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് മൃഗശാലയിൽ നിന്ന് സന്ദർശകരെ ഒഴിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.