ആപ്പ് നിരോധനം; സര്‍ക്കാര്‍ വിശദീകരണത്തിനായി ക്ഷണിച്ചിട്ടുണ്ടെന്ന് ടിക് ടോക്

ആപ്പ് നിരോധനത്തിന് പിന്നാലെ ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച വിഷയത്തില് വിശദീകരണം നല്കാന് കേന്ദ്രം ക്ഷണിച്ചിട്ടുണ്ടെന്ന് ടിക് ടോക് ഇന്ത്യന് ഘടകം.
 | 
ആപ്പ് നിരോധനം; സര്‍ക്കാര്‍ വിശദീകരണത്തിനായി ക്ഷണിച്ചിട്ടുണ്ടെന്ന് ടിക് ടോക്

ന്യൂഡല്‍ഹി: ആപ്പ് നിരോധനത്തിന് പിന്നാലെ ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രം ക്ഷണിച്ചിട്ടുണ്ടെന്ന് ടിക് ടോക് ഇന്ത്യന്‍ ഘടകം. ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ ഡേറ്റാ സ്വകാര്യത, സുരക്ഷ തുടങ്ങിയവ പാലിക്കുമെന്നും ടിക് ടോക് പ്രസ്താവനയില്‍ അറിയിച്ചു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയുള്‍പ്പെടെ ഒരു വിദേശ സര്‍ക്കാരുകള്‍ക്കും കൈമാറിയിട്ടില്ലെന്നും ടിക് ടോക് വ്യക്തമാക്കി.

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കമ്പനി വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും വിവരങ്ങള്‍ നല്‍കണമെന്ന് ഭാവിയില്‍ ആവശ്യപ്പെട്ടാല്‍ പോലും തങ്ങള്‍ അവ നല്‍കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ടിക് ടോക് ഇന്ത്യ തലവന്‍ നിഖില്‍ ഗാന്ധി വ്യക്തമാക്കി. 14 ഇന്ത്യന്‍ ഭാഷകളില്‍ സേവനം ലഭ്യമാക്കിയതിലൂടെ ടിക് ടോക് ഇന്റര്‍നെറ്റിനെ ജനാധിപത്യവല്‍ക്കരിക്കുകയാണ് ചെയ്തതെന്നും പലരും തങ്ങളുടെ ആപ്പിനെ ജീവനോപാധിയാക്കി മാറ്റിയിട്ടുണ്ടെന്നും ഗാന്ധി പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ലഡാക്കിലെ ഏറ്റമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. രാജ്യസുരക്ഷയ്ക്ക് ഈ ആപ്പുകള്‍ ഭീഷണിയാണെന്ന വിശദീകരണം നല്‍കിയാണ് നിരോധനം.