‘ഹിന്ദുസ്ഥാന്‍ ആരുടെയും തന്തയുടെ വകയല്ല’; ബി.ജെ.പിയെ പൊളിച്ചടുക്കി മഹുവ മൊയ്ത്രയുടെ തീപ്പൊരി പ്രസംഗം; വീഡിയോ

എണ്ണത്തില് കുറവാണെങ്കിലും ശക്തമായൊരു പ്രതിപക്ഷം ബി.ജെ.പിയെ വരും ദിവസങ്ങളില് നേരിടാന് തയ്യാറെടുക്കുന്നുണ്ടെന്ന് സൂചന നല്കുന്നതാണ് തൃണമൂല് എം.പി മഹുവ മൊയ്ത്രയുടെ തീപ്പൊരി പ്രസംഗം.
 | 
‘ഹിന്ദുസ്ഥാന്‍ ആരുടെയും തന്തയുടെ വകയല്ല’; ബി.ജെ.പിയെ പൊളിച്ചടുക്കി മഹുവ മൊയ്ത്രയുടെ തീപ്പൊരി പ്രസംഗം; വീഡിയോ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനേറ്റ വലിയ പരാജയം രാജ്യത്ത് കാര്യക്ഷമമല്ലാത്ത ഒരു പ്രതിപക്ഷത്തെ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നതായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ തെരഞ്ഞെടുപ്പിന് ശേഷം ഉയര്‍ത്തിക്കാണിച്ച ഏറ്റവും വലിയ ആശങ്ക. ഇരുസഭകളിലും ബി.ജെ.പിയുടെ അല്ലെങ്കില്‍ മോഡി ഭരണകൂടത്തിന്റെ ആശയങ്ങള്‍ പ്രതിഫലിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും നീരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായൊരു പ്രതിപക്ഷം ബി.ജെ.പിയെ വരും ദിവസങ്ങളില്‍ നേരിടാന്‍ തയ്യാറെടുക്കുന്നുണ്ടെന്ന് സൂചന നല്‍കുന്നതാണ് തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയുടെ തീപ്പൊരി പ്രസംഗം.

ബി.ജെ.പി ഭരണം വരുംകാലങ്ങളില്‍ എങ്ങനെയായിരിക്കുമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു മൊയ്ത്രയുടെ പ്രസംഗമെന്ന് ചുരുക്കത്തില്‍ പറയാം. പ്രസംഗം ആരംഭിക്കുന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണ്. പിന്നീട് പാര്‍ലമെന്റ് ചരിത്രത്തില്‍ തന്നെ മികച്ച പ്രതിപക്ഷ പ്രസംഗങ്ങളിലൊന്നായി മൊയ്ത്രയുടെ വാക്കുകള്‍. മൗലാന ആസാദിനെ ഉദ്ധരിച്ച് മൊയ്ത്ര തുടങ്ങി….

മഹുവ മൊയ്ത്രയുടെ വാക്കുകളിലേക്ക്.

ബി.ജെ.പിക്ക് സഭയില്‍ കനത്ത ഭൂരിപക്ഷമുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷേ ആ ഭൂരിപക്ഷം തന്നെയാണ് ഞങ്ങളുടെ, വിയോജിപ്പിന്റെ ശബ്ദത്തെ നിര്‍ണായകവും അനിവാര്യതയുമുള്ളതാക്കി മാറ്റുന്നത്. മൗലാനാ ആസാദിന്റെ വാക്കുകള്‍ ഓര്‍മ്മിക്കുകയാണ്, പല വര്‍ണങ്ങളിലും സംസ്‌കാരങ്ങളിലുമുള്ള വൈവിധ്യമാര്‍ന്ന ആളുകള്‍ ഒരുമയോടെ ജീവിക്കുന്ന രാജ്യമെന്നതായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. എന്നാല്‍ ബി.ജെ.പിയുടെ ഭരണം അങ്ങനെയാകില്ലെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു.

‘നിങ്ങള്‍ പറഞ്ഞേക്കാം, അച്ഛേ ദിന്‍ ഇവിടെയെത്തിയെന്നും നിങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിലെ സൂര്യന്‍ ഒരിക്കലും അസ്തമിക്കുകയില്ലെന്നും.. പക്ഷേ നിങ്ങള്‍ ഈ രാജ്യം പിച്ചിച്ചീന്തപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നതേയില്ല…’

ഇന്നത്തെ ഇന്ത്യയില്‍ കാണപ്പെടുന്ന ഏഴ് പ്രത്യേകതകള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുകയാണ്. ‘ഒന്ന്, തീവ്രവും തുടരെയുള്ളതുമായ ഒരു ദേശീയത നമ്മുടെ ദേശീയതയെ കീറിമുറിക്കുന്നു. അത് വെറും ഉപരിപ്ലവമാണ്, സീനോഫോബിക് (മറ്റ് രാജ്യങ്ങളിലെ ജനങ്ങളെ വെറുക്കുന്നത്) ആണ്, ഇടുങ്ങിയതാണ്. അത് മനുഷ്യരെ ഒന്നിപ്പിക്കാനല്ല, ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്..’

ബി.ജെ.പി എം.പിമാര്‍ ഇതിനിടയില്‍ ബഹളം വെച്ചു. മൊയ്ത്ര ചെയറിലുള്ള കൊടിക്കുന്നില്‍ സുരേഷ് എം.പിയോട് സഭ ശാന്തമാക്കാന്‍ അഭ്യര്‍ഥിക്കുന്നു. എം.പിമാര്‍ ബഹളം തുടരുന്നുണ്ടെങ്കിലും ആവേശം ഒട്ടും ചോരാതെ മൊയ്ത്ര തന്റെ വാദങ്ങള്‍ നിരത്തുന്നു.

‘വര്‍ഷങ്ങളോളം ഇന്ത്യയില്‍ താമസിച്ച ജനങ്ങള്‍ക്ക് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ഒരു കഷണം പേപ്പര്‍ കാണിക്കേണ്ടി വരുന്നു. മന്ത്രിമാര്‍ക്ക് അവര്‍ കോളജില്‍ നിന്ന് പാസായെന്ന് തെളിയിക്കാന്‍ ഡിഗ്രി കാണിക്കാന്‍ പറ്റാത്ത രാജ്യത്ത് ഈ പുറത്താക്കപ്പെട്ട സാധാരണക്കാര്‍ക്ക് അവരീ രാജ്യത്തുള്ളവരാണെന്ന് തെളിവ് കാണിക്കണമെന്നാണോ നിങ്ങള്‍ കരുതുന്നത്. 15 വര്‍ഷം, 15 വര്‍ഷം സ്വന്തം മണ്ണില്‍ ജീവിച്ചവരെ അവിടെ നിന്ന് പുറത്താക്കി അനധികൃത കുടിയേറ്റക്കാരാനാണ് ചിലര്‍ ശ്രമിക്കുന്നത്.’

മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും കൂറു തെളിയിക്കുവാന്‍ ഉപയോഗിക്കുന്നു… ഒരു ചിഹ്നമോ ഒരു മുദ്രാവാക്യമോ ഏതെങ്കിലുമൊരു ഇന്ത്യക്കാരന്‍ രാജ്യസ്‌നേഹിയാണെന്ന് ഉറപ്പിക്കുവാന്‍ കഴിയുന്നതല്ല..

രണ്ടാമത്തെ ലക്ഷണം… മനുഷ്യാവകാശത്തോടുള്ള കടുത്ത പുച്ഛം.. 2014നും പത്തൊന്‍പതിനുമിടയില്‍ വിദ്വേഷ അതിക്രമങ്ങളുടെ പത്തിരട്ടിയായുള്ള വര്‍ദ്ധനവ്. 2017ല്‍ നടന്ന പെഹ്‌ലു ഖാന്റെ ആള്‍ക്കൂട്ടക്കൊലപാതകം തുടങ്ങി 2019ല്‍ ഝാര്‍ഖണ്ഡില്‍ നടന്ന അന്‍സാരിയുടെ കൊലപാതകം വരെ ലിസ്റ്റ് അന്തമില്ലാതെ നീളുകയാണ്..

മൂന്നാമത്തെ ലക്ഷണം.. ചിന്തിക്കാന്‍ കഴിയാത്തതുപോലെയുള്ള മാസ് മീഡിയയുടെ നിയന്ത്രണവും കീഴ്‌പ്പെടുത്തലും. ഈ ഇലക്ഷന്‍ പോരാട്ടം നടന്നത് കര്‍ഷക ആത്മഹത്യയോ തൊഴിലില്ലായ്മയോ വിഷയമാക്കിയല്ല.. വാട്‌സാപ്പില്‍ പരത്തിയ വ്യാജവാര്‍ത്തകളിലാണ്. ഓരോ നുണയും ആവര്‍ത്തിച്ചാവര്‍ത്തിച്ചുപറഞ്ഞ് അതിനെ സത്യമാക്കുകയെന്നതാണ് ഗീബല്‍സിയന്‍ തന്ത്രം.

നാലാമത്തെ ലക്ഷണം..ദേശീയ സുരക്ഷയോടുള്ള ആസക്തിയും ശത്രുക്കളെ തിരിച്ചറിയലും…ഞങ്ങള്‍ കുഞ്ഞായിരുന്നപ്പോള്‍ അമ്മ പറയുമായിരുന്നു..അത് ചെയ്യൂ..ഇത് ചെയ്യൂ…ഇല്ലെങ്കില്‍ കരിംഭൂതം വരും..ഈ രാജ്യത്തുള്ള ഓരോരുത്തരും ഏതോ കരിംഭൂതങ്ങളെ പേടിക്കുകയാണ്..

അഞ്ചാമത്തെ ലക്ഷണം.. മതവും സര്‍ക്കാരും ഇപ്പോള്‍ ഇടകലര്‍ന്നിരിക്കുന്നു. എം.പി മാര്‍ ഇന്ത്യയെന്ന 80 ലക്ഷം ഏക്കര്‍ ഭൂമിയെക്കാള്‍ 2.77 ഏക്കര്‍ ഭൂമിയിലാണ് കൂടുതല്‍ താല്പര്യമെടുക്കുന്നത്..

ആറാമത്തെ ലക്ഷണം.. ബുദ്ധിജീവികളോടും കലയോടുമുള്ള പുച്ഛം..ആര്‍ട്ടിക്കിള്‍ 51 സയന്റിഫിക് ടെമ്പെറമെന്റിനെക്കുറിച്ച് പറയുന്നു.. പക്ഷേ ഇന്ന് ചെയ്യുന്ന ഓരോ കാര്യങ്ങളും ഇരുണ്ട കാലത്തേക്ക് ഇന്ത്യയെ കൊണ്ടുപോവുകയാണ്.

ഏഴാമത്തെ ലക്ഷണം… ഇലക്റ്ററല്‍ സിസ്റ്റത്തിലെ സ്വാതന്ത്ര്യത്തിന്റെ ഒലിച്ചുപോവല്‍ ‘

‘2017ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം അതിന്റെ ലോബിയില്‍ ഫാസിസത്തിന്റെ തുടക്കത്തിന്റെ ഏഴ് ലക്ഷണങ്ങളെക്കുറിച്ച് ഒരു പോസ്റ്റര്‍ പ്രസിദ്ധീകരിച്ചു… ഞാന്‍ മേല്‍പ്പറഞ്ഞിരിക്കുന്ന ഏഴ് ലക്ഷണങ്ങളും ആ പോസ്റ്ററിലുള്ളതാണ്. പതിനേഴാം ലോക്‌സഭയിലെ മെമ്പര്‍മാരോട് ചോദിക്കുവാനുള്ളത് ഇതാണ്. നിങ്ങള്‍ക്ക് ഏത് വശത്ത് നില്‍ക്കാനാണ് താല്പര്യം?

ഈ സര്‍ക്കാരിനു കിട്ടിയ ഭൂരിപക്ഷത്തില്‍ ഞാന്‍ വിയോജിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് മുന്‍പ് ആരുമില്ലായിരുന്നെന്നും നിങ്ങള്‍ക്കു ശേഷം ആരുമുണ്ടാവരുതെന്നുമുള്ള നിങ്ങളുടെ ആശയത്തോട് ഞാന്‍ വിയോജിക്കുന്നു. ഈ രാജ്യത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണമോ അതോ അതിന്റെ ശവമടക്കിന് കാര്‍മികത്വം വഹിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.’

ബെഞ്ചിലിരിക്കുന്നതിന് മുമ്പ് ഇടിവെട്ട് പോലെ രണ്ട് വരി കവിത കൂടി ചൊല്ലി മഹുവ..

സബീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ ..
കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ..

(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങള്‍ ഈ മണ്ണിലുണ്ട്,
ആരുടേയും തന്തയുടെ സ്വകാര്യ സ്വത്തല്ല ഈ ഹിന്ദുസ്ഥാന്‍)

പ്രസംഗത്തിന്റെ പരിഭാഷ സഹായം: നെല്‍സണ്‍ ജോസഫ്.

വീഡിയോ കാണാം