ലവ് ജിഹാദ് നിരോധന നിയമങ്ങളുടെ സാധുത സുപ്രീം കോടതി പരിശോധിക്കും; സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ്

ഉത്തര്പ്രദേശും ഉത്തരാഖണ്ഡും പാസാക്കിയ ലവ് ജിഹാദ് നിരോധന നിയമങ്ങളുടെ നിയമസാധുത സുപ്രീം കോടതി പരിശോധിക്കും.
 | 
ലവ് ജിഹാദ് നിരോധന നിയമങ്ങളുടെ സാധുത സുപ്രീം കോടതി പരിശോധിക്കും; സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും പാസാക്കിയ ലവ് ജിഹാദ് നിരോധന നിയമങ്ങളുടെ നിയമസാധുത സുപ്രീം കോടതി പരിശോധിക്കും. വിഷയത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചു. നിയമങ്ങള്‍ക്കെതിരെ ലഭിച്ച ഹര്‍ജികളിലാണ് നടപടി. നിയമം അസാധുവാണെന്നും ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളായ മതേതരത്വം, സമത്വം തുടങ്ങിയവയെ തകര്‍ക്കുന്നതാണെന്നുമാണ് ഹര്‍ജികളിലെ ആരോപണങ്ങള്‍.

വിവാഹത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നത് എന്ന പേരിലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവന്നത്. എന്നാല്‍ മുസ്ലീം പുരുഷന്‍മാര്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെ ഇല്ലാതാക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. യുപിയില്‍ ഇതനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ അറസ്റ്റിലായ യുവാവിനെ തെളിവില്ലാത്തതിനെ തുടര്‍ന്ന് വെറുതെ വിട്ടിരുന്നു.

ആദ്യഘട്ടത്തില്‍ ഹര്‍ജികള്‍ അതാത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ പരിഗണിക്കട്ടെ എന്ന നിലപാടായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ സ്വീകരിച്ചത്. എന്നാല്‍ മധ്യപ്രദേശും ഹിമാചല്‍ പ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇത്തരം നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ സിയു സിങ് ചൂണ്ടിക്കാട്ടയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.