ടാക്‌സി ആപ്പായ യൂബറിന് ഡൽഹിയിൽ നിരോധനം

ഓൺലൈൻ ടാക്സി സർവ്വീസായ യൂബറിന് ഡൽഹിയിൽ നിരോധനം. യുവതിയെ കാറിൽ പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. യൂബറിനെ സർക്കാർ കരിമ്പട്ടികയിൽ ഉൾപെടുത്തിയിട്ടുമുണ്ട്.
 | 
ടാക്‌സി ആപ്പായ യൂബറിന് ഡൽഹിയിൽ നിരോധനം

 

ന്യൂഡൽഹി: ഓൺലൈൻ ടാക്‌സി സർവ്വീസായ യൂബറിന് ഡൽഹിയിൽ നിരോധനം. യുവതിയെ കാറിൽ പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. യൂബറിനെ സർക്കാർ കരിമ്പട്ടികയിൽ ഉൾപെടുത്തിയിട്ടുമുണ്ട്. ഡൽഹിയിൽ യാതൊരു തരത്തിലുള്ള ഗതാഗത സൗകര്യം ഒരുക്കാനും യൂബറിനെ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അമേരിക്ക ആസ്ഥാനമായുള്ള ടാക്‌സി സേവന ദാതാക്കളാണ് യൂബർ.

സ്മാർട്ട് ഫോൺ ഉപയോഗിച്ച് ആപ് വഴിയാണ് യൂബർ ടാക്‌സികൾ ബുക്ക് ചെയ്യുന്നത്. എന്നാൽ ഈ സംഭവത്തോടെ ഇതിന്റെ വിശ്വാസ്യത പൂർണ്ണമായും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കോൺഗ്രസും ആംആദ്മി പാർട്ടിയും കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ടാക്‌സി ബുക്ക് ചെയ്യുമ്പോൾ യാതൊരു സുരക്ഷാ മുൻ മുൻകരുതലുകളും ഏർപ്പെടുത്താൻ യൂബറിന് കഴിയുന്നില്ലെന്നാണ് വിമർശനം ഉയരുന്നത്. സേവനം നൽകാൻ സന്നദ്ധരായ ടാക്‌സികൾ ആപ്പിൽ സ്വയം രജിസ്റ്റർ ചെയ്യുകയാണ്. ഇവരുടെ പൂർവ്വകാലം അന്വേഷിക്കുന്ന പതിവ് യൂബറിന് ഇല്ല. ഉപയോഗിക്കാനുള്ള സൗകര്യം മാത്രം നോക്കുന്നവർ അപകടത്തിൽപ്പെടുമെന്നും വിമർശകർ പറയുന്നു. ലോകത്ത് യൂബറിന് നിരോധനം ഏർപ്പെടുത്തിയ ആദ്യത്തെ സ്ഥലമാകും ഡൽഹി.

അത്യന്തം ശ്രദ്ധയോടെ ഇനി ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് യൂബർ സി.ഇ.ഒ ട്രവിസ് കലാനിക് പ്രസ്താവനയിൽ പറഞ്ഞു. പോലീസിന് എല്ലാ സഹായ സഹകരണവും കമ്പനി വാഗ്ദാനം ചെയ്തു. എന്നാൽ ഇതൊന്നും പരിഗണിക്കാൻ തൽക്കാലം പോലീസ് തയ്യാറല്ല എന്നാണ് സൂചന. നിരോധനം കർശനമായി നടപ്പാക്കാനാണ് തീരുമാനം.

 

ടാക്‌സി ആപ്പായ യൂബറിന് ഡൽഹിയിൽ നിരോധനം

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയായ യുവതിയെ കാറിനുള്ളിൽ ബലാത്സംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ടാണ് കാർ ഡ്രൈവറായ ശിവ് കുമാർ യാദവിനെ പോലീസ് മഥുരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ആറ്മാസം മുൻപാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. ശിവ് കുമാർ യാദവിന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെയാണ് ടാക്‌സി സേവനദാതാക്കളായ യൂബർ ഇയാളെ ഡ്രൈവറായി നിയോഗിച്ചതെന്ന വിമർശം ഉയർന്നിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

വസന്തവിഹാറിൽ നിന്നും പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് യുവതി ഓൺലൈനിൽ ടാക്‌സി ബുക്ക് ചെയ്തത്. എന്നാൽ യാത്രാമദ്ധ്യേ യുവതിയെ ടാക്‌സി ഡ്രൈവർ ശിവ് കുമാർ യാദവ് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം ഇവരെ വീടിന് മുന്നിൽ ഉപേക്ഷിച്ചശേഷം ഇയാൾ കടന്ന് കളയുകയായിരുന്നു. 2011ൽ ഗുഡ്ഗാവിലെ പബ്ബിൽ 22കാരിലെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഇയാൾ ഏഴ് മാസം തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞിട്ടുണ്ടെന്ന് ഡൽഹി പോലീസ് വെളിപ്പെടുത്തി.