ഡൽഹിയിൽ യൂബർ ടാക്‌സി ഡ്രൈവർ പെൺകുട്ടിയെ ബലമായി ചുംബിച്ചു

യൂബർ ഡ്രൈവർ ബലമായി ചുംബിച്ചതായി യാത്രക്കാരിയുടെ പരാതി. ന്യൂഡൽഹിയിൽ നിന്നും ഗുഡ്ഗാവിലേക്ക് ടാക്സി വിളിച്ച യാത്രക്കാരിയെയാണ് ഡ്രൈവർ ബലം പ്രയോഗിച്ച് കൈയിൽ ചുംബിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഡ്രൈവർ വിനോദ് ഒളിവിലാണ്.
 | 

ഡൽഹിയിൽ യൂബർ ടാക്‌സി ഡ്രൈവർ പെൺകുട്ടിയെ ബലമായി ചുംബിച്ചു

ന്യൂഡൽഹി: യൂബർ ഡ്രൈവർ ബലമായി ചുംബിച്ചതായി യാത്രക്കാരിയുടെ പരാതി. ന്യൂഡൽഹിയിൽ നിന്നും ഗുഡ്ഗാവിലേക്ക് ടാക്‌സി വിളിച്ച യാത്രക്കാരിയെയാണ് ഡ്രൈവർ ബലം പ്രയോഗിച്ച് കൈയിൽ ചുംബിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഡ്രൈവർ വിനോദ് ഒളിവിലാണ്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. യാത്രകഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയുടെ രണ്ട് ബാഗുകൾ ഡ്രൈവർ വിനോദ് യുവതിക്ക് കൈമാറി. മൂന്നാമത്തെ ബാഗ് കൈമാറുന്നതിന് മുൻപ് ഹസ്തദാനം നൽകണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു. ആദ്യം മടിച്ചെങ്കിലും ഡ്രൈവറുടേത് മാന്യമായ പെരുമാറ്റമെന്നു കരുതി യുവതി ഹസ്തദാനത്തിന് കൈനീട്ടി. തുടർന്ന് ഡ്രൈവർ ബലമായി കൈപിടിച്ച് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. താൻ കൈ പിന്നോട്ട് വലിച്ചെങ്കിലും ഡ്രൈവർ ചുംബിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

യുവതിയുടെ സഹോദരൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഈ പോസ്റ്റ് 100 തവണയിലധികം ഷെയർ ചെയ്യപ്പെട്ടു. സംഭവം വിവാദമായതോടെ ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചെന്ന വിശദീകരണവുമായി യൂബർ അധികൃതരും രംഗത്തെത്തി.

മൊബൈൽ ആപ് വഴിയാണ് യൂബർ ടാക്‌സി ബുക്ക് ചെയ്യുക. ഡിസംബറിൽ യൂബർ ടാക്‌സി ഡ്രൈവർ 27 കാരിയെ ബലാത്സംഗം ചെയ്തത് വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തുടർന്ന് ഡൽഹിയിൽ യൂബർ നിരോധിച്ചിരുന്നു.