മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യം വിശ്വാസവോട്ട് നേടി; ബിജെപി സഭ ബഹിഷ്‌കരിച്ചു

മഹാരാഷ്ട്രയില് ഉദ്ധവ് താക്കറേ സര്ക്കാര് സഭയില് ഭൂരിപക്ഷം തെളിയിച്ചു.
 | 
മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യം വിശ്വാസവോട്ട് നേടി; ബിജെപി സഭ ബഹിഷ്‌കരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. 169 എംഎല്‍എമാര്‍ ത്രികക്ഷി സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്തു. പ്രോടേം സ്പീക്കറായ എന്‍.സി.പിയില്‍നിന്നുള്ള ദിലീപ് പാട്ടീലിന്റെ അധ്യക്ഷതയിലായിരുന്നു സഭ ചേര്‍ന്നത്. 162 എംഎല്‍എമാരുടെ പിന്തുണയായിരുന്നു സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാവികാസ് അഘാഡി അവകാശപ്പെട്ടിരുന്നത്.

ശിവസേന-56, എന്‍.സി.പി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെ 154 എം.എല്‍.എമാരാണ് മഹാവികാസ് അഘാഡിക്കുള്ളത്. ഇവരെ കൂടാതെ സ്വതന്ത്രരുടേത് ഉള്‍പ്പെടെ 15 എം.എല്‍.എമാരുടെ പിന്തുണ കൂടി സഖ്യത്തിന് ലഭിച്ചു. രണ്ട് എംഎല്‍എമാരുള്ള എ.ഐ.എം.ഐ.എമ്മും ഒരു എംഎല്‍എയുള്ള സി.പി.എമ്മും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

അതേസമയം പ്രതിപക്ഷമായ ബിജെപി വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം നിയമപ്രകാരമല്ല വിളിച്ചുചേര്‍ത്തതെന്ന് വോട്ടെടുപ്പിന് മുമ്പ് സംസാരിച്ച ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫ്ഡനാവിസ് പറഞ്ഞു. അതേസമയം പ്രത്യേകസമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സമ്മേളനം നിയമപ്രകാരമാണ് നടക്കുന്നതെന്നും പ്രോടേം സ്പീക്കര്‍ മറുപടി നല്‍കി.

ഫഡ്‌നവിസിന്റെ ആരോപണങ്ങള്‍ സഭയില്‍ ബഹളത്തിന് വഴിവെച്ചു. ഇവ പ്രോടേം സ്പീക്കര്‍ തള്ളിയതോടെ ബിജെപി സഭവിട്ട് ഇറങ്ങുകയായിരുന്നു.