അയോധ്യയിലെ ഭൂമിപൂജയ്ക്ക് അദ്വാനിക്കും ജോഷിക്കും ക്ഷണമില്ല; ഉമാഭാരതിക്ക് ക്ഷണം

ഓഗസ്റ്റ് 5ന് അയോധ്യയില് നടക്കുന്ന ഭൂമിപൂജയിലേക്ക് മുന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എല്.കെ.അദ്വാനിക്ക് ക്ഷണമില്ല.
 | 
അയോധ്യയിലെ ഭൂമിപൂജയ്ക്ക് അദ്വാനിക്കും ജോഷിക്കും ക്ഷണമില്ല; ഉമാഭാരതിക്ക് ക്ഷണം

ന്യൂഡല്‍ഹി: ഓഗസ്റ്റ് 5ന് അയോധ്യയില്‍ നടക്കുന്ന ഭൂമിപൂജയിലേക്ക് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എല്‍.കെ.അദ്വാനിക്ക് ക്ഷണമില്ല. മറ്റൊരു മുന്‍ മന്ത്രിയായ മുരളി മനോഹര്‍ ജോഷിക്കും ക്ഷണം ലഭിച്ചിട്ടില്ല. ഉമാ ഭാരതിക്കും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യന്ത്രി കല്യാണ്‍ സിങ്ങിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ നടത്തിയ കര്‍സേവയ്ക്ക് നേതൃത്വം നല്‍കിയ അദ്വാനിക്ക് പിന്നീട് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം നിര്‍മിക്കുമ്പോള്‍ അതിന്റെ ഭൂമിപൂജയിലേക്ക് പോലും ക്ഷണമില്ലെന്നതാണ് ശ്രദ്ധേയം.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനിയും ജോഷിയും കഴിഞ്ഞയാഴ്ചയാണ് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായത്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ബിജെപി നേതാക്കളായ അദ്വാനിക്കും ജോഷിക്കും ഉമാഭാരതിക്കുമെതിരെയുള്ള കുറ്റം. നാലര മണിക്കൂറിലേറെ നീണ്ട സിറ്റിങ്ങില്‍ അദ്വാനിയോട് ആയിരത്തിലേറെ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഉമാ ഭാരതിയും കേസില്‍ ഹാജരായിരുന്നു.

90കളില്‍ അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കണമെന്ന ആവശ്യവുമായി നടന്ന പ്രക്ഷോഭത്തിന്റെ മുഖമായിരുന്നു അദ്വാനി. ഈ ആവശ്യമുന്നയിച്ച് അദ്വാനി നടത്തിയ രഥയാത്ര രാജ്യമൊട്ടാകെ വിഷയം ആളിക്കത്തിച്ചു. 1992 ഡിസംബര്‍ 6നാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. വരുന്ന 5-ാം തിയതി നടക്കുന്ന ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് രാമജന്മഭൂമി ട്രസ്റ്റ് അറിയിക്കുന്നത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും.