രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; ഭരണപരാജയം സമ്മതിച്ച് മോദി സര്‍ക്കാര്‍

2016 നവംബറില് നരേന്ദ്രമോദി സര്ക്കാര് നോട്ടുനിരോധനം നടപ്പാക്കിയ ശേഷം തൊഴില് മേഖലയെക്കുറിച്ച് ഒരു സര്ക്കാര് ഏജന്സി ആദ്യമായാണ് പഠനം നടത്തുന്നത്.
 | 
രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; ഭരണപരാജയം സമ്മതിച്ച് മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം കേന്ദ്ര തൊഴില്‍ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സമാന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിച്ചില്ല. നീതി ആയോഗ് വൈസ് ചെയര്‍മാനടക്കം തൊഴിലില്ലാഴ്മ സംബന്ധിച്ച റിപ്പോര്‍ട്ട് നിഷേധിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നരേന്ദ്ര മോദി യഥാര്‍ത്ഥ കണക്കുകള്‍ മൂടിവെക്കുകയാണെന്ന് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് 2014ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഇക്കാര്യം പാലിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞില്ല. കരട് റിപ്പോര്‍ട്ടിലെ വസ്തുകള്‍ അംഗീകരിക്കുന്നതിലൂടെ സ്വന്തം ഭരണപരാജയം സമ്മതിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് യുവാക്കളാണ് രാജ്യത്ത് തൊഴിലില്ലാതെ ജീവിക്കുന്നത്. ഈ നിരക്ക് തുടര്‍ന്നാല്‍ രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് വിദഗദ്ധരുടെ മുന്നറിയിപ്പ്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന 2017-18 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നത്. നഗരങ്ങളില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ളവരില്‍ 7.8% പേരും തൊഴിലില്ലാത്തവരാണ്. ഗ്രാമപ്രദേശങ്ങളിലെ സ്ഥിതിയും സമാനമാണ്. 5.3% പേര്‍ക്കും തൊഴിലില്ല. രാജ്യമൊട്ടാകെ 6.1 % പേര്‍ക്ക് തൊഴിലില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യ പുരോഗതിയാണ് ലക്ഷ്യമെന്ന് അവകാശപ്പെട്ടാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ഇതുവരെ പ്രത്യേക പാക്കേജുകളൊന്നും മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തൊഴിലില്ലായ്മ സംബന്ധിച്ച് കരട് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമായതോടെ ബി.ജെ.പി കരട് റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു. 1973 മുതലുള്ള തൊഴിലില്ലായ്മാ നിരക്ക് വച്ചുള്ള താരതമ്യ പഠനമാാണ് സര്‍ക്കാര്‍ ഏജന്‍സി നടത്തിയത്. 2016 നവംബറില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പാക്കിയ ശേഷം തൊഴില്‍ മേഖലയെക്കുറിച്ച് ഒരു സര്‍ക്കാര്‍ ഏജന്‍സി ആദ്യമായാണ് പഠനം നടത്തുന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മാനിരക്ക് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ഗ്രാമീണ മേഖലയിലുള്ള യുവാക്കളുടെ (പ്രായം 15-29) തൊഴിലില്ലായ്മ 17.4 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. 2011-12-ല്‍ ഇത് അഞ്ച് ശതമാനം മാത്രമായിരുന്നു. ഗ്രാമീണ മേഖലയിലുള്ള സ്ത്രീകള്‍ക്കിടയിലുള്ള തൊഴിലില്ലായ്മ (പ്രായം 15-29) 13.6 ശതമാനമായി ഉയര്‍ന്നു. 2011-12 കാലയളവില്‍ ഇത് 4.8 ശതമാനം മാത്രമായിരുന്നു.

നഗര മേഖലയിലെ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 18.7 ശതമാനമാണ്. സ്ത്രീകളുടേത് 27.2 ശതമാനവും. മികച്ച വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിലില്ലാത്ത യുവാക്കള്‍ 2004-05 കാലത്തെ അപേക്ഷിച്ച് 2016-17-ല്‍ വളരെക്കൂടുതലാണ്. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസമുള്ള 17.3 ശതമാനം സ്ത്രീകള്‍ക്കും തൊഴിലില്ല. 2004-05-ല്‍ ഇത് 9.7 ശതമാനമായിരുന്നു. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസമുള്ള 10.5 ശതമാനം പുരുഷന്‍മാര്‍ക്കും തൊഴിലില്ല. 2004-05 കാലത്ത് ഇത് 3.5 മാത്രമായിരുന്നു.