അണ്‍ലോക്ക്-3 മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്ത്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല

രാജ്യത്ത് മൂന്നാം ഘട്ട ലോക്ക് ഡൗണ് ഇളവുകള് പ്രഖ്യാപിച്ചു കൊണ്ടുള്ള മാര്ഗ്ഗനിര്ദേശങ്ങള് പുറത്തിറക്കി.
 | 
അണ്‍ലോക്ക്-3 മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്ത്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ ഒന്നും അനുവദിക്കാതെയാണ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത്. ഓഗസ്റ്റ് 31 വരെ സ്‌കൂളുകളും കോളേജുകളും കോച്ചിംഗ് സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ജിമ്മുകള്‍ക്കും യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും ഓഗസ്റ്റ് 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാം.

മെട്രോ സര്‍വീസുകള്‍ ആരംഭിക്കില്ല. ബാറുകള്‍, പാര്‍ക്കുകള്‍, തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍ മുതലായവ അടഞ്ഞുതന്നെ കിടക്കും. അതേസമയം രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കും അനുമതി നല്‍കിയിട്ടില്ല. വന്ദേഭാരത് ദൗത്യത്തിലുള്ള സര്‍വീസുകള്‍ നടക്കും. സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടത്താം. എന്നാല്‍ രാഷ്ട്രീയ പരിപാടികള്‍, കായിക മത്സരങ്ങള്‍, വിനോദ പരിപാടികള്‍, മത-സാമുദായിക പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും.

65 വയസ്സിന് മേല്‍ പ്രായമുള്ളവരും ആരോഗ്യപ്രശ്നമുള്ളവരും, ഗര്‍ഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളില്‍ തന്നെ തുടരണം. ഓഗസ്റ്റ് 31 വരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ തുടരുമെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു.