വിവാഹ വേദിയില്‍ നൃത്തം നിര്‍ത്തി, യുവതിക്ക് മുഖത്ത് വെടിയേറ്റു; വീണ്ടും ഉത്തര്‍പ്രദേശ്; വീഡിയോ

വിവാഹ വേദിയില് നടന്ന നൃത്തം നിര്ത്തിയതിന് യുവതിയുടെ മുഖത്ത് വെടിയേറ്റു.
 | 
വിവാഹ വേദിയില്‍ നൃത്തം നിര്‍ത്തി, യുവതിക്ക് മുഖത്ത് വെടിയേറ്റു; വീണ്ടും ഉത്തര്‍പ്രദേശ്; വീഡിയോ

ലഖ്‌നൗ: വിവാഹ വേദിയില്‍ നടന്ന നൃത്തം നിര്‍ത്തിയതിന് യുവതിയുടെ മുഖത്ത് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ചിത്രകൂടിലാണ് സംഭവമുണ്ടായത്. ഡിസംബര്‍ ഒന്നാം തിയതി വധുവിന്റെ വീട്ടില്‍ നടന്ന ആഘോഷത്തിനിടെയാണ് വെടിവെയ്പ്പുണ്ടായത്. ഗ്രാമത്തലവനായ സുധീര്‍ സിങ് പട്ടേലിന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ആഘോഷ പരിപാടികള്‍ നടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

സ്റ്റേജില്‍ നൃത്തം ചെയ്യുകയായിരുന്ന യുവതികള്‍ ഇടയ്ക്ക് നൃത്തം അവസാനിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. വെടിവെക്കുമെന്ന് ഒരാള്‍ മദ്യലഹരിയില്‍ വിളിച്ച് പറയുന്നത് പിന്നാലെ കേള്‍ക്കാം. വെടിവെക്കാന്‍ ഒപ്പമുള്ള മറ്റൊരു ശബ്ദം പ്രോത്സാഹിപ്പിക്കുന്നു. പിന്നാലെ സ്റ്റേജില്‍ നില്‍ക്കുന്ന നര്‍ത്തകിമാരില്‍ ഒരാള്‍ വെടിയേറ്റ് വീഴുന്നതാണ് കാണുന്നത്.

മുഖത്ത് വെടിയേറ്റ യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റേജിലുണ്ടായിരുന്ന വധുവിന്റെ ബന്ധുക്കളായ രണ്ട് പേര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. വധുവിന്റെ പിതാവിന്റെ സഹോദരന്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. അജ്ഞാതനായ ആളാണ് വെടിയുതിര്‍ത്തതെന്നാണ് പരാതിയില്‍ പറയുന്നത്.

വീഡിയോ കാണാം