പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രസംഗം; ഡോ.കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കേസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിന് ഡോ.കഫീല് ഖാനെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കേസ്.
 | 
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രസംഗം; ഡോ.കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കേസ്

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിന് ഡോ.കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കേസ്. ഡിസംബര്‍ 12ന് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിലാണ് കേസെടുത്തിരിക്കുന്നത്. മുംബൈയില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അറസ്റ്റിലായ കഫീല്‍ ഖാന്‍ ഇപ്പോള്‍ മഥുര ജയിലിലാണുള്ളത്. ഈ സംഭവത്തില്‍ കോടതി ജാമ്യം നല്‍കിയെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തെ വിട്ടയക്കാന്‍ തയ്യാറായിരുന്നില്ല.

അലിഗഡില്‍ നടത്തിയ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് ആരോപിച്ചാണ് ഇപ്പോള്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നത്. അലിഗഡിലെ സിവില്‍ ലൈന്‍ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കഫീല്‍ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആര്‍എസ്എസിനെതിരെയും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെയും വിവാദപരമായ പരാമര്‍ശങ്ങള്‍ കഫീല്‍ ഖാന്‍ നടത്തിയതായും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.

കഫീല്‍ ഖാന് ജാമ്യം തേടി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അലിഗഡ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജാമ്യ നടപടികള്‍ വേഗത്തിലാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ആദ്യത്തെ കേസില്‍ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നും ദ്ദേഹത്തിന് ഉടനൊന്നും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും സഹോദരനായ അദീല്‍ ഖാന്‍ പറഞ്ഞു.