യുപി മദ്യദുരന്തം: മരണം 41 ആയി

ഉത്തർപ്രദേശിലെ ലഖ്നൗവിലും ഉന്നാവോ ജില്ലയിലും വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർകൂടി വ്യാഴാഴ്ച മരിച്ചു. മരിച്ചവരിൽ 29 പേർ ലഖ്നൗവിലും 12 പേർ ഉന്നാവോയിലുള്ളവരുമാണ്.
 | 
യുപി മദ്യദുരന്തം: മരണം 41 ആയി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിലും ഉന്നാവോ ജില്ലയിലും വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർകൂടി വ്യാഴാഴ്ച മരിച്ചു. മരിച്ചവരിൽ 29 പേർ ലഖ്‌നൗവിലും 12 പേർ ഉന്നാവോയിലുള്ളവരുമാണ്.

നൂറോളം പേരുടെ നില ഗുരുതരമാണ്. ഇവരെ ലഖ്‌നൗ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരും അവശ നിലയിൽ ആശുപത്രികളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അധികം ആളുകൾ മരിച്ചത് ലഖ്‌നൗവിലെ മാലിഹാബാലാണ്. 15 പേരാണ് ഇവിടെ മരിച്ചത്. ലഖ്‌നൗവിലെ തന്നെ സരോജിനി നഗറിൽ നാല് പേരും ഉന്നാവോ ജില്ലയിലെ ഹസൻഗഞ്ചിൽ എട്ട് പേരും മരിച്ചു.

കഴിഞ്ഞ ഞായാറാഴ്ച വൈകുന്നേരം ഒരു പ്രാദേശിക ക്രിക്കറ്റ് മാച്ച് കാണാനെത്തിയവരാണ് മദ്യദുരന്തത്തിൽ പെട്ടത്. ദുരന്തം നടന്ന പ്രദേശങ്ങളിൽ മദ്യം വിതരണം ചെയ്ത ഇടനിലക്കാരൻ പ്യാരേലാലിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ വീട്ടിൽ നിന്നും 50 ലിറ്റർ മദ്യം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത മദ്യത്തിൽ മീതെയ്ൽ ആൽക്കഹോളിന്റെ അളവ് കൂടുതലാണെന്ന് പോലീസ് പറഞ്ഞു. വ്യാജമദ്യം പരസ്യമായി വിറ്റിരുന്ന കാര്യം പോലീസിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുത്തില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഖിലേഷ് യാദവ് അവലോകന യോഗം വിളിച്ചു. യോഗത്തിൽ വച്ച് പതിനാറ് എക്‌സൈസ് ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരേയും സസ്‌പെൻഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.