റണ്‍വേയില്‍ നിന്ന് തെന്നിയ വിമാനം പുല്ലില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തു; പൈലറ്റിന് സസ്‌പെന്‍ഷന്‍

ദുരന്തത്തില് നിന്ന് തലനാരിഴയ്ക്കാണ് വിമാനം രക്ഷപ്പെട്ടത്.
 | 
റണ്‍വേയില്‍ നിന്ന് തെന്നിയ വിമാനം പുല്ലില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തു; പൈലറ്റിന് സസ്‌പെന്‍ഷന്‍

ബംഗളൂരു: ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി പുല്ലില്‍ ഇറങ്ങിയ വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്ത പൈലറ്റിന് സസ്‌പെന്‍ഷന്‍. ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് വിമാനം രക്ഷപ്പെട്ടത്. തിങ്കളാഴ്ച 180 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് എത്തിയ ഗോഎയറിന്റെ എയര്‍ബസ് എ320 വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിയതോടെ പൈലറ്റ് വിമാനത്തിന്റെ വേഗം കൂട്ടുകയും പറന്നുയരുകയും ചെയ്യുകയായിരുന്നു.

പിന്നീട് ഹൈരാബാദ് വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണ വിധേയമായി പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു. യാത്രക്കാര്‍ സുരക്ഷിതരാണ്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ പൈലറ്റ് ചെയ്തത് സാഹസമാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മാസം ഗോ എയറിന്റെ മറ്റൊരു വിമാനം പാറ്റ്‌നയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയിരുന്നു. ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫിന് തൊട്ടു പിന്നാലെ ശ്രദ്ധയില്‍പ്പെട്ട തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു.