ലാന്‍ഡറിനെ ഓര്‍ബിറ്റര്‍ കണ്ടെത്തിയതായി സ്ഥിരീകരണം; ആശയവിനിമയം സാധ്യമാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍

സോഫ്റ്റ് ലാന്ഡിംഗ് പരാജയപ്പെട്ടതിന് ശേഷം ഇതാദ്യമായിട്ടാണ് വിക്രം ലാന്ഡറുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണം ഇസ്രോ നടത്തുന്നത്.
 | 
ലാന്‍ഡറിനെ ഓര്‍ബിറ്റര്‍ കണ്ടെത്തിയതായി സ്ഥിരീകരണം; ആശയവിനിമയം സാധ്യമാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍

ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയതായി സ്ഥിരീകരിച്ച് ഐ.എസ്.ആര്‍.ഒ. ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിന്റെ സ്ഥാനം എവിടെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ലെന്നും ഇസ്രൊ ഔദ്യോഗിക വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണ്.

സോഫ്റ്റ് ലാന്‍ഡിംഗ് പരാജയപ്പെട്ടതിന് ശേഷം ഇതാദ്യമായിട്ടാണ് വിക്രം ലാന്‍ഡറുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണം ഇസ്രോ നടത്തുന്നത്. അതേസമയം ലാന്‍ഡറുമായി ഇതുവരെ ബന്ധം സ്ഥാപിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയാത്തതിനാല്‍ മിഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന് വ്യക്തമല്ല. നേരത്തെ ലാന്‍ഡറിന്റെ ചിത്രങ്ങള്‍ ലഭിച്ചതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ സ്ഥിരീകരിച്ചിരുന്നു. ലാന്‍ഡറിനുള്ളിലെ പ്രഗ്യാന്‍ റോവര്‍ ഉള്‍പ്പെടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞേക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശാസ്ത്രജ്ഞര്‍.

ALSO READ: ഇസ്രോ ചെയര്‍മാനെ ശാസിക്കുകയായിരുന്നോ? മോദിക്കെതിരെ പുതിയ ആരോപണം; തെളിവായി വീഡിയോ!

ചന്ദ്രനില്‍ വീണ് കിടക്കുന്ന വിക്രം ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജുകള്‍ ചന്ദ്രയാന്‍ ഓര്‍ബിറ്റര്‍ ഞായറാഴ്ച പകര്‍ത്തിയിരുന്നു. 14 ദിവസത്തേക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രഗ്യാന്‍ റോവര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ കാലയളവിനുള്ളില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം സാധ്യമായാല്‍ ചന്ദ്രയാന്‍ ലക്ഷ്യമിട്ടിട്ടുള്ള പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും ചെയ്യാന്‍ സാധിക്കും.

ALSO READ: ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച പാക് മന്ത്രിയുടെ ‘വായടപ്പിച്ച്’ പാകിസ്ഥാനി ബഹിരാകാശ ഗവേഷക

നേരത്തെ വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചതായി വിധിയെഴുതാന്‍ ആയിട്ടില്ലെന്ന് ചന്ദ്രയാന്‍ 1 പ്രൊജക്ട് ഡയറക്ടര്‍ ഡോ. മൈലസ്വാമി അണ്ണാദുരൈ വ്യക്തമാക്കിയിരുന്നു. നിലവില്‍ സിഗ്നലുകള്‍ നഷ്ടമായിട്ടുണ്ടെങ്കിലും ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള എല്ലാ സാഹചര്യവും ഇല്ലാതായി എന്ന് കണക്ക് കൂട്ടാനായിട്ടില്ല. ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ഡോ. മൈലസ്വാമി അണ്ണാദുരൈ വ്യക്തമാക്കി.