ട്രംപിന്റെ സന്ദര്‍ശനം; അഹമ്മദാബാദില്‍ ചേരികള്‍ കണ്ണില്‍പെടാതിരിക്കാന്‍ മതില്‍ നിര്‍മിക്കുന്നു

അഹമ്മദാബാദില് എത്തുന്ന അമേരിക്കന് പ്രസിഡന്റിന്റെ കണ്ണില് പെടാതിരിക്കാന് ചേരികള് മതില് കെട്ടി മറയ്ക്കുന്നു.
 | 
ട്രംപിന്റെ സന്ദര്‍ശനം; അഹമ്മദാബാദില്‍ ചേരികള്‍ കണ്ണില്‍പെടാതിരിക്കാന്‍ മതില്‍ നിര്‍മിക്കുന്നു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ചേരികള്‍ മതില്‍ കെട്ടി മറയ്ക്കുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കാണ് ട്രംപിനെ ആനയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപിനൊപ്പം ഉണ്ടാകും. വാഹനവ്യൂഹം കടന്നുപോകുന്ന വഴിയരികില്‍ ചേരികള്‍ മറയ്ക്കാനാണ് മതില്‍ നിര്‍മാണം തകൃതിയായി നടക്കുന്നത്.

ഗാന്ധിനഗറിലേക്കുള്ള റോഡിന് സമീപത്തെ ചേരിപ്രദേശം മറച്ചുകൊണ്ട് 6-7 അടി ഉയരത്തില്‍ അര കിലോമീറ്ററോളം ദൂരത്തിലാണ് ഭിത്തി നിര്‍മിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ഞൂറോളം കുടിലുകള്‍ സ്ഥിതി ചെയ്യുന്ന ശരണ്യവാസ് എന്നചേരി പ്രദേശത്ത് 2500ഓളം പേരാണ് താമസിക്കുന്നത്. ഫെബ്രുവരി 24, 25 തിയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായും ഗുജറാത്തില്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പാതയോരത്ത് ഈന്തപ്പനകള്‍ വെച്ചു പിടിപ്പിക്കുമെന്നും കോര്‍പറേഷന്‍ അറിയിച്ചു.