പതിമൂന്ന് തത്തകളെ കോടതിയില്‍ ഹാജരാക്കി; കാരണം ഇതാണ്

പതിമൂന്ന് തത്തകളെ ഡല്ഹിയിലെ പട്യാല ഹൗസ് കോടതിയില് ഹാജരാക്കി.
 | 
പതിമൂന്ന് തത്തകളെ കോടതിയില്‍ ഹാജരാക്കി; കാരണം ഇതാണ്

ന്യൂഡല്‍ഹി: പതിമൂന്ന് തത്തകളെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. ഉസ്ബക്കിസ്ഥാന്‍ പൗരന്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തത്തകളെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഷൂ ബോക്‌സില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തത്തകളുമായി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

ഷൂ ബോക്‌സുകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ ഇവയെ സിഐഎസ്എഫ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വന്യജീവി വകുപ്പിന് കൈമാറുന്നതിന്റെ ഭാഗമായാണ് ഇവയെ കോടതിയില്‍ എത്തിച്ചതെന്ന് കസ്റ്റംസ് അഭിഭാഷകന്‍ പി.സി.ശര്‍മ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം തത്തകളെ കയറ്റി അയക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

തത്തകളെ കടത്താന്‍ ശ്രമിച്ചയാളെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാള്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഒക്ടോബര്‍ 30 വരെ റിമാന്‍ഡ് ചെയ്തു. ഓഖ്‌ല പക്ഷിസങ്കേതത്തില്‍ തത്തകളെ തുറന്നു വിടാനും കോടതി ഉത്തരവിട്ടു.

പഴയ ഡല്‍ഹിയിലെ ഒരു കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയതാണ് ഈ തത്തകള്‍ എന്നാണ് ചോദ്യംചെയ്യലില്‍ പ്രതി പറഞ്ഞത്. ഉസ്ബക്കിസ്ഥാനില്‍ ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ താന്‍ കള്ളക്കടത്ത് നടത്തുകയായിരുന്നുവെന്നും ഇയാള്‍ സമ്മതിച്ചു.