കൊറോണ ഗുരുതരമായി ബാധിച്ച രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും; ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ കയറ്റുമതിയില്‍ ഇളവ് നല്‍കി ഇന്ത്യ

ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ മരുന്ന് കയറ്റുമതിയില് ഇളവ് അനുവദിച്ച് ഇന്ത്യ.
 | 
കൊറോണ ഗുരുതരമായി ബാധിച്ച രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും; ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ കയറ്റുമതിയില്‍ ഇളവ് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ മരുന്ന് കയറ്റുമതിയില്‍ ഇളവ് അനുവദിച്ച് ഇന്ത്യ. മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാനുഷിക വശങ്ങള്‍ പരിഗണിച്ച് നമ്മുടെ രാജ്യത്തെ ആശ്രയിക്കുന്ന അയല്‍രാജ്യങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, പാരസെറ്റമോള്‍ തുടങ്ങിയവ നല്‍കാന്‍ അനുമതി നല്‍കുകയാണെന്ന് കേന്ദ്ര വിദേശമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. മഹാമാരി വളരെ ഗുരുതരമായി ബാധിച്ച ചില രാജ്യങ്ങള്‍ക്കും അത്യാവശ്യ മരുന്നുകള്‍ നല്‍കാന്‍ തീരുമാനിച്ചതായും വക്താവ് വ്യക്തമാക്കി.

മരുന്നുകള്‍ രാജ്യത്തെ നിലവിലുള്ള സ്റ്റോക്കും ആഭ്യന്തര ആവശ്യവും നിലവിലുള്ള ഓര്‍ഡറുകളും വിലയിരുത്തിയ ശേഷം മാത്രമേ കയറ്റി അയക്കൂ എന്നും മന്ത്രാലയം അറിയിച്ചു. കൊറോണ ചികിത്സക്ക് ഉപയോഗിക്കുന്ന മലമ്പനി മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയത്. കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യ മാര്‍ച്ച് 26 മുതല്‍ മരുന്ന് കയറ്റുമതി നിരോധിച്ചിരിക്കുകയാണ്.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരുന്ന് തന്നില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.