റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം; മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

റേപ്പ് ഇന് ഇന്ത്യ പരാമര്ശത്തില് മാപ്പ് പറയില്ലെന്ന് രാഹുല് ഗാന്ധി.
 | 
റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം; മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. ബിജെപി മുന്നണി പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയ സംഭവത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കേള്‍ക്കുന്ന ഒരാള്‍ പത്രം വായിക്കുമ്പോള്‍ സാധാരണഗതിയില്‍ ഏത് തരം വാര്‍ത്തകളാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബലാത്സംഗ വാര്‍ത്തകളാണ് നമുക്ക് കാണാന്‍ കഴിയുന്നതെന്ന് രാഹുല്‍ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദിയുടേയും ബിജെപിയുടേയും ഇപ്പോഴത്തെ ശ്രമമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എ അതേ പെണ്‍കുട്ടിയെ അപകടപ്പെടുത്താന്‍ ശ്രമിച്ചു. ഒരക്ഷരം പ്രധാനമന്ത്രി ഇതിനെ കുറിച്ച് പറഞ്ഞില്ല. രാജ്യത്തുടനീളം സംഘര്‍ഷത്തിന് തിരിക്കൊളുത്തുന്നത് പ്രധാനമന്ത്രിയാണ്.

കശ്മീരില്‍ സംഘര്‍ഷം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം, സ്ത്രീകള്‍ക്കെതിരായ ആക്രമണം. രാജ്യത്തെങ്ങും സംഘര്‍ഷവും ആക്രമണവുമാണ്. ഡല്‍ഹി ബലാത്സംഗത്തിന്റെ തലസ്ഥാനമാണെന്ന് മോദി പറഞ്ഞതിന്റെ ക്ലിപ്പ് എന്റെ ഫോണിലുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അസാധാരണ സംഭവങ്ങളാണ് ലോക്‌സഭയില്‍ ഇന്നുണ്ടായത്. രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. ഭരണപക്ഷ ബഹളം തടയാന്‍ സ്പീക്കര്‍ തയ്യാറായതുമില്ല.