ഡല്‍ഹി പോലീസിന്റെ നടപടി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം; രാഷ്ട്രീയ പകപോക്കലെന്ന് യെച്ചൂരി

ഡല്ഹി പോലീസിന്റെ നടപടി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്ദേശം അനുസരിച്ചാണെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി.
 | 
ഡല്‍ഹി പോലീസിന്റെ നടപടി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം; രാഷ്ട്രീയ പകപോക്കലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ നടപടി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും കരുതിക്കൂട്ടിയുള്ള വേട്ടയാടല്‍ ആണെന്നും യെച്ചൂരി പ്രതികരിച്ചു. ഭീമ കോറേഗാവ് കേസിലും ഇതേ തന്ത്രമാണ് ഉപയോഗിച്ചത്. മൊഴിയില്‍ പേരുകള്‍ ഉള്‍പ്പെടുത്തി പിന്നീട് കീഴ്‌ക്കോടതിയില്‍ നിന്ന് പ്രതികളാക്കാനുള്ള ഉത്തരവ് നേടിയെടുക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹി പോലീസിന്റെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ പ്രസംഗകരാണ് യഥാര്‍ത്ഥ കലാപകാരികള്‍. അവര്‍ക്കെതിരെ എന്ത് നടപടിയെടുത്തു? ജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നും യെച്ചൂരി ചോദിച്ചു. ഡല്‍ഹി പോലീസ് ഇതുവരെ എന്താണ് അന്വേഷിച്ചതെന്നും കലാപങ്ങളില്‍ കേന്ദ്രസമീപനം ഇതാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി കലാപത്തിന്റെ അനുബന്ധ കുറ്റപത്രത്തിലാണ് യെച്ചൂരി ഉള്‍പ്പെടെ 9 പേരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗൂഢാലോചനയില്‍ പങ്കാളികളായെന്നാണ് ഇവര്‍ക്കെതിരായുള്ള ആരോപണം. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല അധ്യാപകനും സന്നദ്ധ പ്രവര്‍ത്തകനുമായ അപൂര്‍വ്വാനന്ദ്, രാഹുല്‍ റോയ് എന്നിവരും യെച്ചൂരിക്ക് പുറമേ പട്ടികയിലുണ്ട്. അതേസമയം മൊഴികളിലെ പേരുകള്‍ ചേര്‍ക്കുക മാത്രമാണ് ചെയ്തതെന്ന വിശദീകരണവുമായി ഡല്‍ഹി പോലീസ് രംഗത്തെത്തിയിരുന്നു.