സ്ത്രീവിരുദ്ധ വീഡിയോ; മുംബൈയിലും യൂട്യൂബര്‍ അറസ്റ്റില്‍, വ്‌ളോഗര്‍ക്ക് പിന്തുണയുമായി കങ്കണ റണാവത്

സ്ത്രീവിരുദ്ധ വീഡിയോകള് പോസ്റ്റ് ചെയ്തതിന് മുംബൈയിലും അറസ്റ്റ്.
 | 
സ്ത്രീവിരുദ്ധ വീഡിയോ; മുംബൈയിലും യൂട്യൂബര്‍ അറസ്റ്റില്‍, വ്‌ളോഗര്‍ക്ക് പിന്തുണയുമായി കങ്കണ റണാവത്

സ്ത്രീവിരുദ്ധ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് മുംബൈയിലും അറസ്റ്റ്. യൂട്യൂബറും മോഡലുമായ പ്രദീപ് മൊഹീന്ദര്‍ സിങ് ചൗധരി എന്നയാളാണ് പിടിയിലായത്. സാഹില്‍ ചൗധരി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരിലാണ് സ്ത്രീവിരുദ്ധ പോസ്റ്റുകള്‍ അപ്ലോഡ് ചെയ്തിരുന്നത്. സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ വസ്തുതാ വിരുദ്ധമായ പോസ്റ്റുകളായിരുന്നു ഇയാളുടെ ചാനലില്‍ ഉണ്ടായിരുന്നത്.

ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ ഇയാളെ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് മുംബൈയില്‍ എത്തിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേന അവഹേളനപരമായ ഭാഷ ഉപയോഗിച്ചതിന് ഐപിസിയിലെ വിവിധ വകുപ്പുകളും ഐടി ആക്ടിലെ വകുപ്പ് 67ഉം ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇതിനിടെ സ്ത്രീവിരുദ്ധ പോസ്റ്റുകളുടെ പേരില്‍ ഇയാളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടി കങ്കണ റണാവത് രംഗത്തെത്തി. മുംബൈയില്‍ ഗുണ്ടാരാജ് ആണ് നടക്കുന്നതെന്നും മുഖ്യമന്ത്രിയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പാടില്ലേ എന്നും കങ്കണ ട്വീറ്റില്‍ ചോദിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് കങ്കണയുടെ വാദം.