Tuesday , 21 November 2017
Kalyan
News Updates

അമ്പലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിന് സിവക്ക് ക്ഷണം

ആലപ്പുഴ: അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച മഹേന്ദ്രസിങ് ധോണിയുടെ മകള്‍ സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ക്ഷണം. ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭം ഉത്സവത്തിനാണ് സിവയെയും ധോണിയെയും ഭാര്യ സാക്ഷിയെയും ക്ഷണിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പിന്തുണയോടെയാണ് നീക്കം.

ക്ഷേത്രം ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. സിവയെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഇന്ന് തന്നെ അയക്കുമെന്ന് ഉപദേശക സമിതി ഭാരവാഹികള്‍ പറഞ്ഞു. ജനുവരിയിലാണ് ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭം ഉത്സവം നടക്കുന്നത്. പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പായസം നുകരാനുമുള്ള അവസരം സിവയ്ക്ക് നല്‍കാനാണ് ഉദ്ദേശ്യമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

സിവയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ധോണി തന്നെയാണ് സിവയുടെ മലയാളം പാട്ട് പോസ്റ്റ് ചെയ്തത്. മലയാളികള്‍ ഈ പാട്ട് ഏറ്റെടുക്കുകയും ലക്ഷക്കണക്കിനാളുകള്‍ ഈ വീഡിയോ കാണുകയും ചെയ്തു. അതിനിടെ ആരാണ് ഈ പാട്ട് കുഞ്ഞ് സിവയെ പഠിപ്പിച്ചതെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തി. കുഞ്ഞിന്റെ ആയയായ മലയാളിയാണ് പാട്ട് പഠിപ്പിച്ചതെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

DONT MISS