യൂബര്‍ ഈറ്റ്‌സ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു, സോമാറ്റോയ്ക്ക് വിറ്റു

ഇന്ത്യയിലെ യൂബര് ഈറ്റ്സിന്റെ എല്ലാ പ്രവര്ത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്ഫോം വഴിയായിരിക്കും.
 | 
യൂബര്‍ ഈറ്റ്‌സ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു, സോമാറ്റോയ്ക്ക് വിറ്റു

ന്യൂഡല്‍ഹി: യൂബര്‍ ടെക്നോളജിയുടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല യൂബര്‍ ഈറ്റ്‌സ് പ്രവര്‍ത്തനം നിര്‍ത്തി. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോയാണ് യൂബര്‍ ഈറ്റ്‌സിനെ വാങ്ങിയിരിക്കുന്നത്. യൂബറിന്റെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല പൂര്‍ണ്ണമായും വാങ്ങിയതായി സോമാറ്റോ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. യൂബര്‍ ഈറ്റ്‌സ് ഉപഭോക്താക്കളുടെ അക്കൗണ്ടുകളും സോമാറ്റോയിലേക്ക് മാറും. സോമാറ്റോയിലേക്ക് എത്തുന്ന പുതിയ യൂബര്‍ ഈറ്റ്‌സ് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

35 കോടി ഡോളറിനാണ് യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സോമാറ്റോ സ്വന്തമാക്കിയതെന്നാണ് സൂചന. കരാര്‍ തുകയുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും ഇരുകമ്പനികളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സോമാറ്റയോടെ പത്ത് ശതമാനം ഷെയറുകളും യൂബര്‍ ടെക്‌നോളജിക്ക് നല്‍കിയിട്ടുണ്ട്. 2017ല്‍ ആരംഭിച്ച യൂബര്‍ ഈറ്റ്‌സ് ഇന്ത്യ അടുത്തിടെ പ്രതിസന്ധിയിലായിരുന്നു.

ഇന്ത്യയിലെ യൂബര്‍ ഈറ്റ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്ഫോം വഴിയായിരിക്കും. യൂബര്‍ ഈറ്റ്‌സ് ആപ്ലിക്കേഷന്‍ തുടര്‍ന്നാല്‍ ഉപഭോക്താക്കള്‍ക്ക് സോമാറ്റോയിലേക്ക് മാറാനുള്ള നിര്‍ദേശങ്ങള്‍ ലഭ്യമാകും. പുതിയ നീക്കം തങ്ങളുടെ വിപണിയില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നാണ് സോമാറ്റോയുടെ പ്രതീക്ഷ.