നികുതി വർധനയ്‌ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് പിണറായി

സർക്കാരിന്റെ നികുതി വർധനയ്ക്കെതിരെ കടുത്ത പ്രക്ഷോഭം നടത്തുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. നിയമസഭ വിളിച്ചു കൂട്ടാതെ അധിക നികുതി ജനങ്ങളുടെ മേൽ അടിച്ചേൽപിക്കാനുള്ള ശ്രമത്തിനെതിരെ വൻ ജനകീയ സമരം ആരംഭിക്കും. യു.ഡി.എഫ് സർക്കാറിന്റെ പിടിപ്പുകേടിന്റെ ഭാരം ജനങ്ങൾ പേറണമെന്നാണ് പറയുന്നത്.
 | 

തിരുവനന്തപുരം: സർക്കാരിന്റെ നികുതി വർധനയ്‌ക്കെതിരെ കടുത്ത പ്രക്ഷോഭം നടത്തുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. നിയമസഭ വിളിച്ചു കൂട്ടാതെ അധിക നികുതി ജനങ്ങളുടെ മേൽ അടിച്ചേൽപിക്കാനുള്ള ശ്രമത്തിനെതിരെ വൻ ജനകീയ സമരം ആരംഭിക്കും. യു.ഡി.എഫ് സർക്കാറിന്റെ പിടിപ്പുകേടിന്റെ ഭാരം ജനങ്ങൾ പേറണമെന്നാണ് പറയുന്നത്. മദ്യനയം മൂലം നഷ്ടം വന്നുവെന്ന് കള്ളം പറഞ്ഞ് ഏഴായിരം കോടി രൂപയുടെ അധിക ഭാരം സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുകയാണ്. ഇത് ജനങ്ങൾ ബഹിഷ്‌കരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് വെള്ളക്കരത്തിന്റെ കുടിശ്ശിക പിരിച്ച് നികുതിച്ചോർച്ച പരിഹരിക്കണം. സാമ്പത്തിക വർഷത്തിന്റെ മധ്യത്തിൽ ഇങ്ങനെയൊരു ദുരിതം ജനത്തിനു സമ്മാനിച്ചത് എന്തിനെന്ന് സർക്കാർ വിശദീകരിക്കണം. ഓണം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി സംസ്ഥാനത്തിനു നൽകിയ ഓണസമ്മാനമാണ് ഈ ദുരിതമെന്നും പിണറായി പറഞ്ഞു. അടിയന്തിരമായി നിയമസഭ വിളിച്ചു ചേർക്കണം. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സർക്കാർ ധവളപത്രം ഇറക്കുകയും എങ്ങനെയാണ് നഷ്ടമുണ്ടായതെന്ന് വിശദീകരിക്കുകയും ചെയ്യണം. ജനകീയ പ്രക്ഷോഭത്തിന്റെ ഭാവി പരിപാടികൾ എൽ.ഡി.എഫ് ആസൂത്രണം ചെയ്യുമെന്നും പിണറായി കൂട്ടിച്ചേർത്തു.