ഹിറ്റ്‌ലറുടെ ഭക്ഷണത്തിൽ വിഷം കലർന്നോ എന്ന് പരിശോധിച്ചിരുന്ന സ്ത്രീ ആ ജോലിയെക്കുറിച്ച് പറയുന്നു

ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ ആഹാരം രുചിച്ച് നോക്കാൻ നിയോഗിക്കപ്പെട്ടവരിൽ ഇന്ന് ജീവിച്ചിരിക്കുന്നത് ഒരേ ഒരാൾ മാത്രം. അവർ ആരാണെന്നോ? മർഗോ വോക്ക് എന്ന 96-കാരി. ഹിറ്റ്ലറിന് കഴിക്കാൻ തയ്യാറാക്കിയ ആഹാരത്തിൽ വിഷം കലർന്നിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട ജോലിയായിരുന്നു മാർഗോയ്ക്ക്.
 | 

ബെർലിൻ: ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ആഹാരം രുചിച്ച് നോക്കാൻ നിയോഗിക്കപ്പെട്ടവരിൽ ഇന്ന് ജീവിച്ചിരിക്കുന്നത് ഒരേ ഒരാൾ മാത്രം. അവർ ആരാണെന്നോ? മർഗോ വോക്ക് എന്ന 96-കാരി. ഹിറ്റ്‌ലറിന് കഴിക്കാൻ തയ്യാറാക്കിയ ആഹാരത്തിൽ വിഷം കലർന്നിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട ജോലിയായിരുന്നു മാർഗോയ്ക്ക്. ഹിറ്റ്‌ലറിന്റെ ‘മീൽ ടെസ്റ്റർ’. വോക്ക് ഉൾപ്പെടെയുള്ള ടെസ്റ്റർമാർ കഴിച്ച് നോക്കിയിരുന്ന ഓരോ പിടിആഹാരത്തിനും അവരുടെ ജീവന്റെ വിലയായിരുന്നുവെന്ന് സാരം. തന്റെ 25-ാം വയസിലാണ് വോക്കിന് ഈ ചുമതലയുണ്ടായിരുന്നത്. ബെർലിൻ ടിവി ഷോയിലായിരുന്നു വോക്കിന്റെ വെളിപ്പെടുത്തൽ.

രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്‌ലറിന്റെ പ്രഷ്യൻ ക്വാർട്ടേഴ്‌സിലായിരുന്നു വോക്കിന് ജോലി. ഇവരടക്കം 15 സ്ത്രീകളായിരുന്നു ആഹാരം പരിശോധിക്കുന്നതിനായി ‘മീൽ ടെസ്റ്റർ’ എന്ന പേരിൽ നിയമിക്കപ്പെട്ടിരുന്നത്. ഇവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വോക്ക് തന്നെ. ഓരോ തവണയും ആഹാരം ടെസ്റ്റ് ചെയ്തതിന് ശേഷവും തങ്ങൾ ജീവനോടെ ഇരിക്കുന്നു എന്ന ചിന്ത ഏറെ ആശ്വാസകരമായിരുന്നെന്നും വോക്ക് പറഞ്ഞു.

ബ്രിട്ടീഷുകാർ ഹിറ്റ്‌ലറിന് വിഷം നൽകി അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. തന്നെ കൊലപ്പെടുത്താനായി തന്റെ ആഹാരത്തിൽ ശത്രുക്കൾ വിഷം കലർത്താൻ സാധ്യതയുണ്ടെന്ന സംശയവും ഹിറ്റ്‌ലറിനുണ്ടായിരുന്നു. ഹിറ്റ്‌ലർ മാംസാഹാരം കഴിക്കുമായിരുന്നില്ല. ചോറ്, നൂഡിൽസ്, കുരുമുളക്, പയറുവർഗ്ഗങ്ങൾ, കോളിഫ്‌ളവർ എന്നിവയായിരുന്നു ഹിറ്റ്‌ലറിന്റെ പ്രധാന ആഹാര വിഭവങ്ങളെന്ന് വോക്ക് പറയുന്നു. ‘അവർ തരുന്ന ഭക്ഷണം മുഴുവൻ ഞങ്ങൾ കഴിക്കും. മിക്കവരും കണ്ണീർവാർത്തുകൊണ്ടാണ് ആഹാരം കഴിക്കാറ്. ആഹാരം കഴിച്ചതിന് ശേഷം ഒരു മണിക്കൂർ ഞങ്ങൾ കാത്തിരിക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ഹിറ്റ്‌ലർക്ക് അവ നൽകുകയുള്ളൂ. ഓരോ തവണ ജീവൻ തിരിച്ച് കിട്ടുമ്പോഴും സന്തോഷം കൊണ്ട് ഞങ്ങൾ അലറിക്കരയുമായിരുന്നു’ വോക്ക് പറഞ്ഞു.

വളരെ അവിചാരിതമായിട്ടായിരുന്നു വോക്ക് ഫുഡ് ടെസ്റ്ററായി നിയമിക്കപ്പെട്ടത്. 1933ൽ നാസികൾ അധികാരം പിടിച്ചടക്കി കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് സംഭവം. 1941 ൽ ബെർലിനിലുണ്ടായിരുന്ന ഇവരുടെ വീട് ബോംബാക്രമണത്തിൽ തകരുകയും ഹിറ്റ്‌ലറിന്റെ വുൾഫ്‌സ് ലെയർ ഹെഡ്ക്വാർട്ടേഴ്‌സിന് തൊട്ടടുത്തുള്ള വോക്കിന്റെ അമ്മവീട്ടിലേയ്ക്ക് താമസമാക്കുകയുമായിരുന്നു. പിന്നീട് ഇവിടുത്തെ മേയർ നിർബന്ധിച്ച് വോക്കിനെ ഹിറ്റലറിന്റെ മീൽ ടെസ്റ്ററായി നിയമിക്കുകയായിരുന്നു. എന്നും എസ്.എസ് ഗാർഡുകൾ വന്ന് തങ്ങളെ പ്രത്യേക ബസിൽ ഒരു സ്‌കൂൾ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോവും. അവിടെ വച്ചാണ് ഹിറ്റ്‌ലർക്ക് കഴിക്കാനുള്ള ആഹാരം രുചിച്ചു നോക്കാൻ നൽകിയിരുന്നത്.

ഹിറ്റ്‌ലറിന്റെ സൈനികരിൽ നിന്നും തനിക്ക് പലപ്പോഴായി പീഡനമേറ്റിട്ടുണ്ടെന്നും വോക്ക് പറയുന്നു. 1944-ൽ ഹിറ്റ്‌ലറിന്റെ താവളത്തിൽ ബോംബ് വച്ച് അദ്ദേഹത്തെ കൊല്ലാൻ ജർമ്മൻ സൈനിക ഉദ്യോഗസ്ഥരുടെ ഒരു സംഘം ശ്രമം നടന്നിരുന്നു. എന്നാൽ ഹിറ്റ്‌ലർ അപകടമെന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു. വധശ്രമത്തിനു പിന്നിൽ പങ്കുണ്ടെന്ന് സംശയിച്ച 5,000 ജർമ്മൻകാരെ വധശിക്ഷക്ക് വിധേയമാക്കി. ആ സംഭവത്തിന് ശേഷം തങ്ങളെ മറ്റൊരു വാസസ്ഥലത്തേക്ക് മാറ്റി. ഇവിടെ നിന്നും ഒരു എസ്.എസ് ഓഫീസറുടെ സഹായത്താൽ താൻ ബെർലിനിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാൽ യുദ്ധത്തിന്റെ ക്രൂരതകൾ അപ്പോഴും അവസാനിച്ചിരുന്നില്ല. 1945-ൽ റഷ്യൻ സൈന്യം ബെർലിൻ പിടിച്ചടക്കി. അവരിൽ നിന്നും രക്ഷ നേടുന്നതിനായി താനുൾപ്പെടെയുള്ള സ്ത്രീകൾ വൃദ്ധകളെപ്പോലെയാണ് വേഷം ധരിച്ചിരുന്നതെങ്കിൽ പോലും സൈനികർ തങ്ങളെ വെറുതെവിട്ടില്ലെന്ന് വോക്ക് പറയുന്നു. അവർ തങ്ങളെ പരസ്യമായി അപമാനിക്കുകയും ഒരു കെട്ടിടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി 14 ദിവസത്തോളം ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. നരഗതുല്യമായ അനുഭവമായിരുന്നു തങ്ങൾക്കവിടെ. അതൊരു ദുഃസ്വപ്‌നം പോലെ ഇന്നും ഓർമ്മകളിൽ വേട്ടയാടാറുണ്ടെന്നും അവർ പറഞ്ഞു.