മദ്യ രാജാക്കന്മാരുടെ പണമില്ലായിരുന്നെങ്കിൽ ശിവഗിരിമഠമില്ല: വെള്ളാപ്പള്ളി

സ്വാമി ഋതംബരാനന്ദയ്ക്ക് വെള്ളാപ്പള്ളിയുടെ മറുപടി. ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് സ്വാമിമാരുടേതെന്നും മദ്യ രാജാക്കന്മാരുടെ പണമില്ലായിരുന്നെങ്കിൽ ശിവഗിരിമഠം ഉണ്ടാകുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
 | 

വർക്കല: സ്വാമി ഋതംബരാനന്ദയ്ക്ക് വെള്ളാപ്പള്ളിയുടെ മറുപടി. ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് സ്വാമിമാരുടേതെന്നും മദ്യ രാജാക്കന്മാരുടെ പണമില്ലായിരുന്നെങ്കിൽ ശിവഗിരിമഠം ഉണ്ടാകുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിക്കുകയാണ്. ആര് എന്ത് പറഞ്ഞാലും എസ്.എൻ.ഡി.പിക്ക് ഒരു ചുക്കുമില്ല. മദ്യനയം അപ്രായോഗികമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും വെള്ളാപ്പളളി പറഞ്ഞു.

മദ്യത്തെയും മദ്യവിൽപ്പനക്കാരേയും ഒറ്റപ്പെടുത്തണമെന്നും സർക്കാരിന്റെ മദ്യനയത്തിന് പൂർണ പിന്തുണയുണ്ടെന്നും ശിവഗിരി മഠം പ്രഖ്യാപിച്ചിരുന്നു. എസ്.എൻ.ഡി.പി എന്നല്ല ആരു പറഞ്ഞാലും ഗുരുദേവ ഭക്തന് മദ്യത്തെ അനുകൂലിക്കാനാകില്ലെന്നും സ്വാമി ഋതംബരാനന്ദ ശിവഗിരിയിൽ ഗുരുദേവ സമാധിദിനാചരണ ചടങ്ങിൽ അഭിപ്രായപ്പെട്ടിരുന്നു.

മദ്യം കുടിക്കുന്നതും നിർമ്മിക്കുന്നതും ഒഴിവാക്കാനാണ് ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്. ഇതിനെതിരേ ആരു പറഞ്ഞാലും അത് അംഗീകരിക്കാൻ പറ്റില്ലെന്നും ഋതംബരാനന്ദ കൂട്ടിച്ചേർത്തു. മദ്യനയത്തിലെ വെള്ളാപ്പള്ളിയുടെ എതിർപ്പ് വ്യക്തിപരമാണെന്നും വെള്ളാപ്പള്ളി നിലപാട് തിരുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച മദ്യനയം വിജയിപ്പിക്കേണ്ട ഏറ്റവും വലിയ ചുമതല ശ്രീനാരായണീയർക്കാണെന്ന് നേരത്തെ വി.എം.സുധീരനും അഭിപ്രായപ്പെട്ടിരുന്നു.