ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 18 ഇന്ത്യന്‍ ജീവനക്കാര്‍

ഹോര്മൂസ് കടലിടുക്കില് നിന്ന് ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില് 18 ഇന്ത്യക്കാരെന്ന് റിപ്പോര്ട്ടുകള്
 | 
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 18 ഇന്ത്യന്‍ ജീവനക്കാര്‍

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 18 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. റഷ്യന്‍, ലാത്വിയന്‍, ഫിലിപ്പീനോ വംശജരാണ് മറ്റുള്ളവര്‍. ജീവനക്കാരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കപ്പലിന്റെ ഓപ്പറേറ്റര്‍മാരായ സ്റ്റെന ബള്‍ക്ക് അറിയിച്ചു. സ്റ്റെന ഇംപെറോ എന്ന സ്വീഡിഷ് ഉടമസ്ഥതയിലുള്ള കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തിരിക്കുന്നത്.

ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരമെന്നും അവരുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണനയെന്നും കമ്പനി അറിയിച്ചു. യുകെ, സ്വീഡിഷ് സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. ജീവനക്കാരുടെ കുടുംബങ്ങളുമായും സംസാരിക്കുന്നുണ്ടെന്ന് സ്റ്റെന ബള്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് എറിക് ഹാനല്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം കപ്പല്‍ വിട്ടുനല്‍കിയില്ലെങ്കില്‍ ഇറാന്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

അമേരിക്കയും ഇറാന് മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. കപ്പലുകള്‍ വിട്ടുനല്‍കിയില്ലെങ്കില്‍ ഇറാന്‍ വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കപ്പലുകള്‍ക്ക് സൈ്വരമായി ചരക്ക് നീക്കം നടത്താനുള്ള സാഹചര്യം ഇല്ലാതാക്കിയാല്‍ ഇറാനെതിരെ സൈനിക നീക്കമുണ്ടാവുമെന്നും സൂചനയുണ്ട്.