അബോര്‍ഷന്‍ ഡോക്ടറുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് 2000ലേറെ ഭ്രൂണങ്ങള്‍; കണ്ടെത്തിയത് മരണശേഷം

ഗര്ഭച്ഛിദ്ര ക്ലിനിക്കിലെ ഡോക്ടറുടെ വീട്ടില് നിന്ന് 2000ലേറെ ഭ്രൂണങ്ങള് കണ്ടെത്തി.
 | 
അബോര്‍ഷന്‍ ഡോക്ടറുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് 2000ലേറെ ഭ്രൂണങ്ങള്‍; കണ്ടെത്തിയത് മരണശേഷം

ഇല്ലിനോയ്: ഗര്‍ഭച്ഛിദ്ര ക്ലിനിക്കിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് 2000ലേറെ ഭ്രൂണങ്ങള്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ച മരിച്ച ഡോ.ഉള്‍റിച്ച് ക്ലോഫറിന്റെ വീട്ടില്‍ നിന്നാണ് നശിച്ച് പോകാത്ത വിധത്തില്‍ സൂക്ഷിച്ചുവെച്ച ഭ്രൂണാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2246 ഭ്രൂണങ്ങളാണ് ഡോക്ടര്‍ ഉള്‍റിച്ച് സൂക്ഷിച്ചു വെച്ചിരുന്നത്. എന്നാല്‍ ഇയാള്‍ വീട്ടില്‍ വെച്ച് ഗര്‍ഭച്ഛിദ്രം നടത്തിയതായി വിവരമില്ല. എന്തിനാണ് ഇത്രയും ഭ്രൂണാവശിഷ്ടങ്ങള്‍ സൂക്ഷിച്ചത് എന്ന കാര്യത്തിലും വ്യക്തതയില്ല.

ഇന്ത്യാനയിലെ ഏറ്റവും പ്രമുഖനായ അബോര്‍ഷന്‍ ഡോക്ടറായിരുന്നു ഡോ.ക്ലോഫര്‍. ആയിരക്കണക്കിന് അബോര്‍ഷനുകള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തെ ഒരു അബോര്‍ഷന്‍ ക്ലിനിക്കില്‍ ഏറെക്കാലം ഡോ.ക്ലോഫര്‍ പ്രവര്‍ത്തിച്ചിരുന്നു. 2015ല്‍ ഇതിന്റെ ലൈസന്‍സ് റദ്ദാക്കുകയും അതോടെ ക്ലിനിക്ക് അടച്ചു പൂട്ടുകയും ചെയ്തിരുന്നു. 2016ല്‍ ഡോക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. യോഗ്യതയുള്ള ജീവനക്കാരെ നിയമിക്കാതിരുന്നത് കണ്ടെത്തിയതോടെയായിരുന്നു ഇത്.

അബോര്‍ഷനായി ഇവിടെയെത്തുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കാതിരുന്നത് സംബന്ധിച്ച് ക്ലിനിക്കിനെതിരെ നേരത്തേ ആരോപണങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. അബോര്‍ഷന്‍ ചെയ്യുന്നതിനായി സമീപിക്കുന്നവര്‍ക്ക് 18 മണിക്കൂര്‍ ബോധവത്കരണം നടത്തണമെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. ഇത് പാലിക്കുന്നതിലു ക്ലിനിക്ക് വീഴ്ച വരുത്തിയിരുന്നു.

ഭ്രൂണാവശിഷ്ടങ്ങള്‍ സൂക്ഷിച്ചത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് ഇടങ്ങളില്‍ നടക്കുന്ന അബോര്‍ഷന്‍ ഓപ്പറേഷനുകളുമായി ഇതിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.