അന്റാര്‍ട്ടിക്കയില്‍ നിന്ന് വേര്‍പെട്ട് കൂറ്റന്‍ മഞ്ഞുമല; ഒഴുകി വരുന്നത് 1636 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം

അന്റാര്ട്ടിക്കയില് നിന്ന് കൂറ്റന് മഞ്ഞുമല അടര്ന്നു മാറിയെന്ന് ശാസ്ത്രജ്ഞന്മാര്.
 | 
അന്റാര്‍ട്ടിക്കയില്‍ നിന്ന് വേര്‍പെട്ട് കൂറ്റന്‍ മഞ്ഞുമല; ഒഴുകി വരുന്നത് 1636 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം

ലണ്ടന്‍: അന്റാര്‍ട്ടിക്കയില്‍ നിന്ന് കൂറ്റന്‍ മഞ്ഞുമല അടര്‍ന്നു മാറിയെന്ന് ശാസ്ത്രജ്ഞന്‍മാര്‍. ഉപഗ്രഹ ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. 1636 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശമാണ് അന്റാര്‍ട്ടിക്കയില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നത്. ഒഴുകി നടക്കുന്ന ഒരു ദ്വീപ് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇതിന് ഡി-28 എന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. യൂറോപ്യന്‍ യൂണിയന്റെ സെന്റനല്‍-1 ഉപഗ്രഹ സംവിധാനമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

ഇത്രയും വലിപ്പമുള്ള മഞ്ഞുമല കപ്പല്‍ ഗതാഗതത്തിന് തടസം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ തന്നെ ഇതിന്റെ നീക്കം ഉപഗ്രഹങ്ങളുടെ സഹായത്തോടെ നിരീക്ഷിച്ചു വരികയാണ്. അന്റാര്‍ട്ടിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ മഞ്ഞുപാളിയായ അമേരിയില്‍ നിന്ന് 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഒരു മഞ്ഞുമല വേര്‍പെട്ടിരിക്കുന്നത്. 1960ലാണ് ഏറ്റവും ഒടുവില്‍ ഇവിടെ നിന്ന് ഒരു ഹിമാനി വേര്‍പെട്ടത്. അതിന് 9000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്നു.

ഡി-28 വേര്‍പെടുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് നേരത്തേ അറിവുണ്ടായിരുന്നു. മഞ്ഞുപാളിയില്‍ നിന്ന് വേര്‍പെട്ടുകൊണ്ടിരുന്ന ഇതിനെ ‘ഇളകുന്ന പല്ല്’ എന്നായിരുന്നു വിളിച്ചിരുന്നത്. ഡി-28ന് 210 മീറ്റര്‍ കനമുണ്ടെന്നും 315 ദശലക്ഷം ടണ്‍ മഞ്ഞ് ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും കണക്കാക്കപ്പെടുന്നു.