ഇറാഖിലെ കൂട്ടക്കുഴിമാടത്തില്‍ അടക്കപ്പെട്ടത് കുവൈത്തികളെന്ന് സ്ഥിരീകരണം

ഏതാണ്ട് 42 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞയാഴ്ച്ച അല് മുതന്ന പ്രവിശ്യയിലെ മരുപ്രദേശത്തു കണ്ടെത്തിയത്. ഇതില് 32 പേരുടെ ഡി.എന്.എ പരിശോധന പൂര്ത്തിയായിരുന്നു.
 | 
ഇറാഖിലെ കൂട്ടക്കുഴിമാടത്തില്‍ അടക്കപ്പെട്ടത് കുവൈത്തികളെന്ന് സ്ഥിരീകരണം

ബാഗ്ദാദ്: ഇറാഖിലെ മരുഭൂമിയില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തില്‍ അടക്കപ്പെട്ടത് കുവൈത്തികളെന്ന് സ്ഥിരീകരണം. അധിനിവേശ കാലത്ത് കുവൈറ്റില്‍ നിന്ന് കാണാതായവരാണ് കുഴിമാടത്തില്‍ ഉണ്ടായിരുന്നതെന്നാണ് കണ്ടെത്തല്‍. ഏതാണ്ട് 42 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞയാഴ്ച്ച അല്‍ മുതന്ന പ്രവിശ്യയിലെ മരുപ്രദേശത്തു കണ്ടെത്തിയത്. ഇതില്‍ 32 പേരുടെ ഡി.എന്‍.എ പരിശോധന പൂര്‍ത്തിയായിരുന്നു. പിന്നാലെയാണ് കുവൈത്തികളാണ് കുഴിമാടത്തിലുണ്ടായിരുന്നതെന്ന് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

ഇറാഖ് വിദേശ കാര്യ മന്ത്രാലയം വക്താവ് അഹ്മദ് അല്‍ സഹാഫ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. യുദ്ധക്കുറ്റവാളികളായി പിടിക്കപ്പെട്ടവരാണ് 43 പേരുമെന്നാണ് സൂചന. ഇവരെ കൊലപ്പെടുത്തിയ ശേഷം ഒന്നിച്ച് കുഴിച്ചു മൂടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ കുവൈറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇറാഖി സേനയാണ് ഈ ക്രൂരത ചെയ്തതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇറാഖ് വിദേശകാര്യ മന്ത്രാലയം ആരോപണങ്ങള്‍ തള്ളി രംഗത്ത് വന്നു. കുവൈറ്റ് നടത്തുന്ന ഏത് അന്വേഷണങ്ങള്‍ക്കും നിരുപാധിക പിന്തുണ നല്‍കുമെന്ന് ഇറാഖ് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍പും ഇതേ പ്രദേശത്ത് നിന്ന് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് പ്രാദേശിക സുരക്ഷാ സേനയും ഇന്റലിജന്‍സ് വിഭാഗവും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഇറാഖ് അറിയിച്ചു.