കൊറോണ വൈറസ്; ചൈനയ്ക്ക് പുറത്ത് രണ്ടാമത്തെ മരണം, ചൈനയില്‍ മരണം 400 കടന്നു

ചൈനയ്ക്ക് പുറത്ത് വീണ്ടും കൊറോണ മരണം.
 | 
കൊറോണ വൈറസ്; ചൈനയ്ക്ക് പുറത്ത് രണ്ടാമത്തെ മരണം, ചൈനയില്‍ മരണം 400 കടന്നു

ബെയ്ജിംഗ്: ചൈനയ്ക്ക് പുറത്ത് വീണ്ടും കൊറോണ മരണം. ഹോങ്കോങ്ങിലാണ് കൊറോണ വൈറസ് ബാധ മൂലം ചൈനയ്ക്ക് പുറത്ത് മരണം വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്ക് പുറത്ത് രണ്ടാമത്തെ മരണമാണ് ഇത്. 39കാരനായ പുരുഷനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 21ന് വുഹാന്‍ സന്ദര്‍ശിച്ച ഇയാള്‍ രണ്ട് ദിവസത്തിന് ശേഷമാണ് ഹോങ്കോങ്ങില്‍ തിരിച്ചെത്തിയത്. 31-ാംതിയതി രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

ചൈനയ്ക്ക് പുറത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് ഫിലിപ്പൈന്‍സിലായിരുന്നു. ഇതിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. ഹൂബെ പ്രവിശ്യയില്‍ താമസിക്കുന്നവരാണ് മരിച്ചവരെല്ലാം. 429 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,438 ആയി ഉയര്‍ന്നു.

ഹോങ്കോങ്ങില്‍ 15 പേര്‍ക്കും മക്കാവുവില്‍ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് 23 രാജ്യങ്ങളിലായി 146 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ഇന്ത്യയില്‍ കേരളത്തിലാണ് മൂന്ന് വൈറസ് ബാധിതരെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കൊറോണ ബാധ സംസ്ഥാന ദുരന്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.