കോവിഡ് പരിശോധന മസ്തിഷ്‌ക സ്തരം തകര്‍ത്തു; യുവതിയുടെ മൂക്കിലൂടെ മസ്തിഷ്‌ക ദ്രവം ഒഴുകിയെന്ന് റിപ്പോര്‍ട്ട്

കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കാനുള്ള ശ്രമം 40കാരിയുടെ മസ്തിഷ്ക സ്തരം തകര്ത്തതായി റിപ്പോര്ട്ട്.
 | 
കോവിഡ് പരിശോധന മസ്തിഷ്‌ക സ്തരം തകര്‍ത്തു; യുവതിയുടെ മൂക്കിലൂടെ മസ്തിഷ്‌ക ദ്രവം ഒഴുകിയെന്ന് റിപ്പോര്‍ട്ട്

കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കാനുള്ള ശ്രമം 40കാരിയുടെ മസ്തിഷ്‌ക സ്തരം തകര്‍ത്തതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തു വന്നത്. യുവതിയുടെ മൂക്കില്‍ കൂടി സെറിബ്രോ സ്‌പൈനല്‍ ദ്രവം ഒഴുകിയെന്നും ഒരു മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍സെഫലോസീല്‍ എന്ന വളരെ അപൂര്‍വമായ അവസ്ഥ ഈ സ്ത്രീക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടിയിലെ ചില പ്രത്യേകതകള്‍ മൂലം തലച്ചോറിന്റെ സംരക്ഷണ സ്തരം മൂക്കിന്റെ മേല്‍ഭാഗത്തേക്ക് ഇറങ്ങി വരുന്ന അവസ്ഥയാണ് ഇത്. ഇതേക്കുറിച്ച് യുവതിക്കോ പരിശോധന നടത്തിയവര്‍ക്കോ അറിയുമായിരുന്നില്ല.

കോവിഡ് പരിശോധനയ്ക്ക് സ്രവം ശേഖരിക്കുന്നതിനായി സ്വാബ് ഉപയോഗിച്ചപ്പോള്‍ യുവതിയുടെ മസ്തിഷ്‌ക സ്തരത്തിന് കേടുപാടുകള്‍ സംഭവിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ടിലെ വിശദീകരണം. ഒരു ശസ്ത്രക്രിയക്ക് മുന്‍പായി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് പ്രശ്‌നം തുടങ്ങിയത്. പരിശോധനയ്ക്ക് ശേഷം മൂക്കില്‍ കൂടി ദ്രാവകം ഒഴുകാന്‍ തുടങ്ങി. പിന്നീട് തലവേദന, ഛര്‍ദ്ദി തുടങ്ങിയവയുണ്ടായി. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂക്കിനുള്ളില്‍ നിന്ന് സ്രവം ശേഖരിക്കുന്നതിന് ശരിയായ പരിശീലനവും ശ്രദ്ധയും ആവശ്യമാണെന്നതിന് അടിവരയിടുകയാണ് ഈ സംഭവമെന്നാണ് ലേഖനത്തില്‍ പറയുന്നത്.

മുന്‍പ് ഒരിക്കല്‍ മൂക്കില്‍ നിന്ന് സ്രവം ശേഖരിച്ചിട്ടുണ്ടെങ്കിലും അന്ന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് യുവതി പറഞ്ഞത്. സെറിബ്രോസ്‌പൈനല്‍ ദ്രവത്തിന്റെ സമ്മര്‍ദ്ദം കൂടുന്ന ഇന്‍ട്രാക്രേനിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന രോഗത്തിന് ഇവര്‍ നേരത്തേ ചികിത്സക്ക് വിധേയയായിട്ടുണ്ട്. ജാമ ഓട്ടോലാരിങ്കോളജി- ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി എന്ന ജേര്‍ണലിലാണ് ഈ റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെട്ടത്.