ഒരു കാറേയുള്ളു, കേസ് നടത്തുന്നത് ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ്; ദരിദ്രനായെന്ന് കോടതിയില്‍ വാദിച്ച് അനില്‍ അംബാനി

ദരിദ്രനായെന്ന് ബ്രിട്ടീഷ് കോടതിയില് വാദിച്ച് അനില് അംബാനി.
 | 
ഒരു കാറേയുള്ളു, കേസ് നടത്തുന്നത് ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ്; ദരിദ്രനായെന്ന് കോടതിയില്‍ വാദിച്ച് അനില്‍ അംബാനി

ദരിദ്രനായെന്ന് ബ്രിട്ടീഷ് കോടതിയില്‍ വാദിച്ച് അനില്‍ അംബാനി. തനിക്ക് സ്വന്തമായി സ്വത്തില്ലെന്നും ലളിതമായി ജീവിക്കുന്ന തനിക്ക് ഒരു കാര്‍ മാത്രമേ ഉള്ളുവെന്നും അനില്‍ അംബാനി പറഞ്ഞു. താന്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നത് മാധ്യമങ്ങള്‍ പടച്ചു വിടുന്ന വാര്‍ത്ത മാത്രമാണ്. കേസ് നടത്തുന്നത് ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റിട്ടാണെന്നും ലണ്ടനിലെ കോടതിയില്‍ അംബാനി പറഞ്ഞു. കഴിഞ്ഞ ജനുവരിക്കും ജൂണിനുമിടയില്‍ ആഭരണങ്ങള്‍ വിറ്റ് 9.9 കോടി രൂപ ലഭിച്ചു. ഇതു വെച്ചാണ് കേസ് നടത്തുന്നതെന്നും അംബാനി പറഞ്ഞു.

ഇപ്പോള്‍ കാര്യമായ വരുമാനമൊന്നും തനിക്കില്ലെന്നും അംബാനി ബോധിപ്പിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മൂന്ന് ചൈനീസ് ബാങ്കുകളാണ് അംബാനിക്കെതിരെ ബ്രിട്ടീഷ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക്, എക്സിം ബാങ്ക് ഓഫ് ചൈന എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.

ഈ ബാങ്കുകള്‍ക്ക് 5821 കോടി രൂപയും കോടതിച്ചെലവായി 7 കോടിയും നല്‍കാന്‍ മെയ് 22ന് വിധിച്ചിരുന്നു. ഇത് നല്‍കാത്തതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിച്ചത്. ഹരീഷ് സാല്‍വേയുടെ നേതൃത്വത്തിലുള്ള അഭിഭാഷകരാണ് അംബാനിക്ക് വേണ്ടി ഹാജരാകുന്നത്.