അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ ഒരുലക്ഷത്തിലേക്ക്; മരിച്ചവര്‍ക്കായി ഒന്നാം പേജ് നല്‍കി ന്യൂയോര്‍ക്ക് ടൈംസ്

അമേരിക്കയില് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്.
 | 
അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ ഒരുലക്ഷത്തിലേക്ക്; മരിച്ചവര്‍ക്കായി ഒന്നാം പേജ് നല്‍കി ന്യൂയോര്‍ക്ക് ടൈംസ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. ഇതുവരെ 97,087 പേര്‍ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചു. 1,622,447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതും അമേരിക്കയിലാണ്. ഇതിനിടെ രോഗം ബാധിച്ച് മരിച്ചവര്‍ക്കായി ഒന്നാം പേജ് നീക്കിവെച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രം രംഗത്തെത്തി. കോവിഡ് ബാധിച്ച് മരിച്ച 1000 ആളുകളുടെ പേരുകള്‍ മാത്രമാണ് പത്രത്തിന്റെ ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 347,398 പേര്‍ക്ക് രോഗബാധയുണ്ടായി. റഷ്യക്കാണ് മൂന്നാം സ്ഥാനം. 335,882 പേര്‍ക്ക് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചു. 22,013 പേര്‍ മരിച്ച ബ്രസീലില്‍ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡിന്റെ അടുത്ത പ്രഭവ കേന്ദ്രമായി വിശേഷിപ്പിക്കാവുന്ന ബ്രസീലില്‍ ഒരു ദിവസം 10,000 കേസുകള്‍ വരെ സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്തൊട്ടാകെ 53 ലക്ഷത്തിന് മേല്‍ ആളുകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. 342,078 ആളുകള്‍ രോഗബാധയാല്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുലക്ഷത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.