അമേരിക്കയില്‍ വീണ്ടും വംശീയ കൊലപാതകം; കറുത്ത വര്‍ഗ്ഗക്കാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു

ജോര്ജ് ഫ്ളോയ്ഡിന്റെ വംശീയ കൊലപാതകത്തെ തുടര്ന്ന് പ്രതിഷേധങ്ങള് നടക്കുന്നതിനിടെ അമേരിക്കയില് വീണ്ടും വംശീയ കൊല.
 | 
അമേരിക്കയില്‍ വീണ്ടും വംശീയ കൊലപാതകം; കറുത്ത വര്‍ഗ്ഗക്കാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു

അറ്റ്‌ലാന്റ: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ വംശീയ കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ അമേരിക്കയില്‍ വീണ്ടും വംശീയ കൊല. മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനെ കൂടി പോലീസ് വെടിവെച്ച് കൊന്നു. റെയ്ഷാര്‍ഡ് ബ്രൂക്ക്സ് എന്ന 27കാരനാണ് വെള്ളിയാഴ്ച പോലീസിന്റെ വെടിയേറ്റു മരിച്ചത്. അറ്റ്‌ലാന്റയിലാണ് സംഭവമുണ്ടായത്.

ഒരു റസ്‌റ്റോറന്റിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് റെയ്ഷാര്‍ഡ് ഉറങ്ങിയെന്ന പേരില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്നാണ് പോലീസ് എത്തിയത്. പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തര്‍ക്കമുണ്ടാകുകയും റെയ്ഷാര്‍ഡ് പോലീസിന്റെ തോക്ക് തട്ടിയെടുത്ത് ഓടിയെന്നുമാണ് വിവരം. ഇതേത്തുടര്‍ന്ന് വെടവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.

തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ഇയാള്‍ തോക്കുമായി ഓടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. റെയ്ഷാര്‍ഡിന് നേരെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മൂന്നു തവണ വെടിവെച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതേത്തുടര്‍ന്ന് അറ്റ്‌ലാന്റ പോലീസ് ചീഫ് എറിക്ക ഷീല്‍ഡ്സ് രാജിവെച്ചു. വെടിയുതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.