ഇറാഖിലേക്ക് അമേരിക്ക 1500 സൈനികരെ കൂടി അയക്കും

ഇറാഖിലേക്ക് 1500 അമേരിക്കൻ സൈനികരെ കൂടി അയക്കാൻ അമേരിക്ക തീരുമാനിച്ചു. ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ശക്തിപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇറാഖ് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് പ്രസിഡന്റ് ബരാക്ക് ഒബാമ സൈനികരെ അയക്കുന്നതിന് അംഗീകാരം നൽകിയതായി വൈറ്റ് ഹൗസും പെന്റഗണും വ്യക്തമാക്കി.
 | 
ഇറാഖിലേക്ക് അമേരിക്ക 1500 സൈനികരെ കൂടി അയക്കും

 

വാഷിങ്ടൺ: ഇറാഖിലേക്ക് 1500 അമേരിക്കൻ സൈനികരെ കൂടി അയക്കാൻ അമേരിക്ക തീരുമാനിച്ചു. ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ശക്തിപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇറാഖ് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് പ്രസിഡന്റ് ബരാക്ക് ഒബാമ സൈനികരെ അയക്കുന്നതിന് അംഗീകാരം നൽകിയതായി വൈറ്റ് ഹൗസും പെന്റഗണും വ്യക്തമാക്കി.

ഐഎസ്‌ഐഎസിനെതിരെ പോരാടുന്ന കുർദ്ദിഷ് സൈന്യത്തിന് ആവശ്യമായ സഹായങ്ങൾ നൽകുകയാണ് പുതിയ സൈനിക വിന്യാസത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. ഐ.എസിനെതിരെ പോരാടുന്നതിനും ഇറാഖി പട്ടാളക്കാർക്ക് പരിശീലനം നൽകുന്നതിനും വേണ്ടിയാണ് അമേരിക്ക പുതിയ സൈനിക വിന്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അമേരിക്കൻ പ്രതിരോധ വിഭാഗം സെക്രട്ടറി ജോൺ കിർബി പറഞ്ഞു.

നിലവിലുള്ള സൈനികർക്ക് പുറമെ 1500 സൈനികരെക്കൂടി അയക്കാനുള്ള തീരുമാനത്തോടെ ഇറാഖിലെ അമേരിക്കൻ സൈനികരുടെ എണ്ണം 3100 ആയി വർദ്ധിക്കും. ഇറാഖിലുള്ള അമേരിക്കൻ സൈന്യം ആക്രമണത്തിനല്ല, പ്രതിരോധത്തിനാണ് പ്രാമുഖ്യം നൽകുന്നതെന്നും വൈറ്റ്ഹൗസ് അറിയിച്ചു. ഐഎസിനെതിരെ പോരാടുന്ന കുർദിഷ് സൈന്യത്തിന് ആവശ്യമായ പരിശീലനവും ഉപദേശവും നൽകുന്നതിനാണ് സൈന്യത്തെ വിന്യസിക്കുന്നത്. യു.എസ് കോൺഗ്രസിനോട് 5.6 ബില്യൺ ഡോളർ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു. ഇറാഖ് സർക്കാരിന്റെയും കുർദുകളുടെയും സഹകരണത്തോടെയാണ് അമേരിക്ക ഐഎസിനെതിരെ കരയുദ്ധം നടത്തുന്നത്.