അടിവസ്ത്രത്തില്‍ ഒളിപ്പിച്ച പണവുമായി ബ്രസീല്‍ പാര്‍ലമെന്റ് അംഗം പിടിയില്‍

അടിവസ്ത്രത്തിനുള്ളില് ഒളിപ്പിച്ച പണവുമായി ബ്രസീലിലെ ഭരണപക്ഷ സെനറ്റര് പിടിയില്.
 | 
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച പണവുമായി ബ്രസീല്‍ പാര്‍ലമെന്റ് അംഗം പിടിയില്‍

റിയോ ഡി ജനീറോ: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പണവുമായി ബ്രസീലിലെ ഭരണപക്ഷ സെനറ്റര്‍ പിടിയില്‍. ബ്രസീല്‍ പ്രസിഡന്റ് ബോല്‍സൊനാരോയുടെ പാര്‍ട്ടിയംഗവും ജനപ്രതിനിധിയുമായ ചികോ റോഡറിഗ്വസ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ അഴിമതിക്കേസില്‍ അന്വേഷണം നടന്നു വരികയാണ്. കോവിഡ് പ്രതിരോധത്തിനായി അനുവദിച്ച പണം വകമാറ്റിയെന്ന ആരോപണമാണ് ഇയാള്‍ക്കെതിരെയുള്ളത്.

30,000 റീല്‍സ് (5300 ഡോളര്‍) ആണ് ഇയാള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് സംഭവം. എന്നാല്‍ ജനപ്രതിനിധിയെന്ന നിലയില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ വീട്ടില്‍ പോലീസ് അതിക്രമിച്ചു കയറിയെന്നും പിന്നീട് റോഡറിഗ്വസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. താന്‍ ആരോപണ വിധേയനാ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധന നടത്തുകയായിരുന്നുവെന്നും ഇയാള്‍ പിന്നീട് വിശദീകരിച്ചു.

എന്നാല്‍ തന്റെ ഗവണ്‍മെന്റ് അഴിമതി നിറഞ്ഞതാണെന്ന് ആരോപിക്കാന്‍ മാധ്യമങ്ങള്‍ മെനയുന്ന കഥയാണ് ഇതെന്നായിരുന്നു പ്രസിഡന്റ് ബോല്‍സൊനാരോ പ്രതികരിച്ചത്. അഴിമതി ചെയ്യുന്നത് ആരായാലും അവര്‍ പിടിക്കപ്പെടുമെന്നും ഗവണ്‍മെന്റ് അഴിമതി മുക്തമാണെന്നതിന് ഇതിലും മികച്ച ഉദാഹരണം നല്‍കാന്‍ കഴിയില്ലെന്നും ബോല്‍സൊനാരോ പറഞ്ഞു.