ജനകീയ പ്രക്ഷോഭം ശക്തം: ബുർകിന ഫാസോ പ്രസിഡന്റ് രാജിവച്ചു

ജനകീയ പ്രക്ഷോഭം ശക്തമായതോടെ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോ പ്രസിഡന്റ് ബ്ളെയ്സ് കമ്പോറെ സ്ഥാനമൊഴിഞ്ഞു. രാജിവയ്ക്കില്ലെന്ന് തീരുമാനത്തിൽ ഉറച്ച് നിന്നിരുന്ന അദ്ദേഹത്തിനെതിരെ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയതോടെ സ്ഥാനമൊഴിയാൻ നിർബന്ധിതനാവുകയായിരുന്നു. ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനൊടുവിൽ കഴിഞ്ഞ ദിവസം പാർലമെന്റ് മന്ദിരമടക്കം നിരവധി സർക്കാർ ഓഫീസുകൾ പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയിരുന്നു.
 | 
ജനകീയ പ്രക്ഷോഭം ശക്തം: ബുർകിന ഫാസോ പ്രസിഡന്റ് രാജിവച്ചു


വഗദൂഗ:
ജനകീയ പ്രക്ഷോഭം ശക്തമായതോടെ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോ പ്രസിഡന്റ് ബ്‌ളെയ്‌സ് കമ്പോറെ സ്ഥാനമൊഴിഞ്ഞു. രാജിവയ്ക്കില്ലെന്ന് തീരുമാനത്തിൽ ഉറച്ച് നിന്നിരുന്ന അദ്ദേഹത്തിനെതിരെ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയതോടെ സ്ഥാനമൊഴിയാൻ നിർബന്ധിതനാവുകയായിരുന്നു. ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനൊടുവിൽ കഴിഞ്ഞ ദിവസം പാർലമെന്റ് മന്ദിരമടക്കം നിരവധി സർക്കാർ ഓഫീസുകൾ പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയിരുന്നു.

അടുത്ത പ്രസിഡന്റിനെ തെരഞ്ഞെടുക്കപ്പെടും വരെ സൈനിക മേധാവി ജനറൽ ഹോണോറെ ട്രവോറിൻ ചുമതല വഹിക്കും. 90 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഭരണഘടന അനുസരിച്ച് രാജ്യത്തിന്റെ ഭരണ നേതൃത്വം ഏറ്റെടുത്തതായും പ്രക്ഷോഭകർ സമാധാനപരമായി പരിഞ്ഞു പോകണമെന്നും ട്രവോറിൻ പ്രഖ്യാപിച്ചു.

1987-ൽ അന്നത്തെ പ്രസിഡന്റ് തോമസ് സങ്കാരയെ വെടിവെച്ചുകൊന്ന് രാഷ്ട്രീയ അട്ടിമറിയിലൂടെയാണ് കമ്പോറെ അധികാരത്തിലെത്തിയത്. 1991-ൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരമേറിയ കമ്പോറെ 1998-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രണ്ടുതവണ കൂടി ഭരണം നിലനിർത്തിയ അദ്ദേഹത്തിനെതിരെ 2011-ലാണ് പ്രതിഷേധം ആരംഭിച്ചത്.