ബ്രിട്ടണിലെ കുടിയേറ്റ നയങ്ങൾ ശക്തമാക്കാൻ കാമറൂൺ ഒരുങ്ങുന്നു

ബ്രിട്ടണിലേക്കുളള കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ഉതകും വിധം കുടിയേറ്റ നയങ്ങളിൽ പരിഷ്ക്കാരം വരുത്താൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ തയാറെടുക്കുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. വിദേശികൾക്ക് നിയമവിരുദ്ധമായി ബ്രിട്ടണിൽ ജോലി ചെയ്യുന്നതിനും നിയന്ത്രണം കൊണ്ടുവരും. കുടിയേറ്റ നിയമം പരിഷ്ക്കരിക്കുന്നതിനുളള ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും.
 | 

ബ്രിട്ടണിലെ കുടിയേറ്റ നയങ്ങൾ ശക്തമാക്കാൻ കാമറൂൺ ഒരുങ്ങുന്നു
ലണ്ടൻ: ബ്രിട്ടണിലേക്കുളള കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ഉതകും വിധം കുടിയേറ്റ നയങ്ങളിൽ പരിഷ്‌ക്കാരം വരുത്താൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ തയാറെടുക്കുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. വിദേശികൾക്ക് നിയമവിരുദ്ധമായി ബ്രിട്ടണിൽ ജോലി ചെയ്യുന്നതിനും നിയന്ത്രണം കൊണ്ടുവരും. കുടിയേറ്റ നിയമം പരിഷ്‌ക്കരിക്കുന്നതിനുളള ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും.

തൊഴിൽ രേഖകൾ ഹാജരാക്കാത്തവരുടെ ശമ്പളം സർക്കാർ കണ്ടു കെട്ടും. ഇതിനായി ബാങ്കുകളെ ചുമതലപ്പെടുത്തും. ബാങ്കുകൾക്ക് ആവശ്യമെങ്കിൽ പൊലീസ് സഹായവും തേടാവുന്നതാണ്.

യൂറോപ്യൻ രാജ്യങ്ങളെ വളരെയധികം കുഴക്കുന്ന പ്രശ്‌നമാണ് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന അമിതമായ വർദ്ധന.  മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്നും മധ്യപൂർവ്വ ദേശത്ത് നിന്നും ആഫ്രിക്കയിൽ നിന്നും മറ്റും ധാരാളം പേരാണ് തങ്ങളുടെ ജീവൻ പോലും വകവയ്ക്കാതെ വളരെയധികം യാതനകൾ അനുഭവിച്ച് യൂറോപ്പിലേക്ക് കുടിയേറുന്നത്. മിക്കരാജ്യങ്ങളിലെയും ദാരിദ്ര്യമാണ് ഈ ജനങ്ങളെ ഇത്തരത്തിലുളള നടപടിയ്ക്ക് പ്രേരിപ്പിക്കുന്നത്. കുടിയേറ്റ ശ്രമങ്ങൾക്കിടെ പലർക്കും ജീവഹാനി സംഭവിക്കുന്നതായുളള റിപ്പോർട്ടുകളും വരുന്നുണ്ട്.  പ്രതിവർഷം ഒരുലക്ഷം പേരാണ് ബ്രിട്ടണിലേക്ക് കുടിയേറുന്നത്.

കഴിഞ്ഞ ഭരണകാലത്ത് കുടിയേറ്റ നയങ്ങൾ പരിഷ്‌ക്കരിക്കാനുളള കൺസർവേറ്റീവ് പാർട്ടിയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. യൂറോപ്യൻ യൂണിയന്റെ എതിർപ്പായിരുന്നു ഇതിന് മുഖ്യ കാരണം.
യുണൈറ്റഡ് കിങ്ഡം ഇൻഡിപെൻഡൻസ് പാർട്ടിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയം കുടിയേറ്റ പ്രശ്‌നമായിരുന്നു. കുടിയേറ്റ നയങ്ങൾ പരിഷ്‌ക്കരിക്കുന്നതിനായി ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ട് പോരണമെന്ന് പോലും ഇവർ അഭിപ്രായപ്പെടുന്നു. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ യുകെഐപി 38 ലക്ഷം വോട്ടുകൾ നേടിയെങ്കിലും ഒരു സ്ഥാനാർത്ഥിയെ മാത്രമാണ് ഇവർക്ക് വിജയിപ്പിക്കാനായത്.

യൂറോപ്യൻ യൂണിയനിൽ തുടരണമോയെന്നത് സംബന്ധിച്ച് ഒരു ഹിതപരിശോധനയ്ക്ക് ഒരുക്കമാണെന്ന് കാമറൂൺ വ്യക്തമാക്കിയിട്ടുണ്ട്. അത് 2017ൽ നടന്നേക്കും. യൂറോപ്യൻ യൂണിയനിലെ വിവിധ അംഗങ്ങളുമായും കാമറൂൺ അടുത്ത ദിവസം തന്നെ കൂടിക്കാഴ്ച നടത്തും. കുടിയേറ്റ നയപരിഷ്‌ക്കരണം അടക്കമുളള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.