മെസി പെനാല്‍റ്റി പാഴാക്കി; കോപ്പ അമേരിക്ക ചിലിക്ക്

നിലവിലെ ചാമ്പ്യന്മാരായ ചിലി കോപ്പ അമേരിക്ക നിലനിര്ത്തി. അര്ജന്റീന നായകന് ലയണല് മെസി പെനാല്റ്റി ഷൂട്ടൗട്ട് പാഴാക്കിയ മത്സരത്തില് 4-2നാണ് ചിലിയുടെ തുടര്ച്ചയായ രണ്ടാം കിരീട നേട്ടം. ഇരുപകുതികളിലും ഗോള് വീഴാതിരുന്നതിനെത്തുടര്ന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയെങ്കിലും ഗോള് മാത്രം വീണില്ല.
 | 

മെസി പെനാല്‍റ്റി പാഴാക്കി; കോപ്പ അമേരിക്ക ചിലിക്ക്

ന്യൂജേഴ്സി: നിലവിലെ ചാമ്പ്യന്‍മാരായ ചിലി കോപ്പ അമേരിക്ക നിലനിര്‍ത്തി. അര്‍ജന്റീന നായകന്‍ ലയണല്‍ മെസി പെനാല്‍റ്റി ഷൂട്ടൗട്ട് പാഴാക്കിയ മത്സരത്തില്‍ 4-2നാണ് ചിലിയുടെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടം. ഇരുപകുതികളിലും ഗോള്‍ വീഴാതിരുന്നതിനെത്തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോയെങ്കിലും ഗോള്‍ മാത്രം വീണില്ല.

തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ചിലിക്കായി വിദാല്‍ എടുത്ത ആദ്യ കിക്ക് അര്‍ജന്റീനയുടെ ഗോളി റോമേരോ തടുത്തു. തുടര്‍ന്ന് അര്‍ജന്റീനക്കായി കിക്കെടുത്തത് ഫുട്‌ബോള്‍ രാജകുമാരന്‍ ലയണല്‍ മെസി. എന്നാല്‍ മെസിയുടെ പെനാല്‍റ്റി കിക്ക് ഗോള്‍പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക് പറക്കുന്നത് കണ്ട് ആരാധകര്‍ അവിശ്വസനീതയോടെ തലയില്‍ കൈവച്ചു. പിന്നീട് ചിലിക്കായി യഥാക്രമം കസ്റ്റിലോ,അരാന്‍ഗ്യുസ്,ബെസ്യുജോര്‍, സില്‍വ എന്നിവര്‍ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചു. തുടര്‍ന്ന് അര്‍ജന്റീനക്കായി മഷരാനോ, അഗ്യൂറോ എന്നിവര്‍ ലക്ഷ്യം കണ്ടെങ്കിലും ബിഗ്ലിയയുടെ പെനാല്‍റ്റി ചിലിയുടെ നായകന്‍ ബ്രാവോ തടുത്തിടുകയായിരുന്നു.

ആഘോഷങ്ങളോടെ ചിലി താരങ്ങള്‍ 4-2ന്റെ വിജയം ആഘോഷിക്കാന്‍ ഓടിയെത്തിയപ്പോള്‍ മെസി അടക്കമുളള താരങ്ങള്‍ തല കുമ്പിട്ട് മൈതാനം വിടുന്ന കാഴ്ചയായിരുന്നു മറ്റൊരു വശത്ത്. ഗോള്‍രഹിത സമനിലയില്‍ കലാശിച്ച കഴിഞ്ഞ കോപ്പ ഫൈനലിലും പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ചിലി അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ആദ്യപകുതി അവസാനിച്ചപ്പോള്‍ പരുക്കന്‍ കളിയെ തുടര്‍ന്ന് ഇരുടീമുകളും പത്തുപേരായി ചുരുങ്ങിയിരുന്നു. ചിലിയുടെ മാര്‍സലോ ഡിയാസും അര്‍ജന്റീനയുടെ റോഹോയുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ആദ്യപകുതിയില്‍ മാത്രം നാലുമഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പ്കാര്‍ഡുകളുമാണ് റഫറിക്ക് ഉയര്‍ത്തേണ്ടി വന്നത്.