ബൈഡന്റെ ഇലക്ടറല്‍ കോളേജ് വിജയം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു; പരാജയം സമ്മതിച്ച് ട്രംപ്

നാലു പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തിനും മണിക്കൂറുകള് നീണ്ട ട്രംപ് അനുകൂലികളുടെ പ്രതിഷേധത്തിനും ഒടുവില് പരാജയം സമ്മതിച്ച് ഡൊണാള്ഡ് ട്രംപ്.
 | 
ബൈഡന്റെ ഇലക്ടറല്‍ കോളേജ് വിജയം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു; പരാജയം സമ്മതിച്ച് ട്രംപ്

വാഷിംഗ്ടണ്‍: നാലു പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തിനും ട്രംപ് അനുകൂലികളുടെ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനും ഒടുവില്‍ പരാജയം സമ്മതിച്ച് ഡൊണാള്‍ഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഇലക്ടറല്‍ കോളേജ് വിജയം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചതോടെയാണ് ട്രംപ് അധികാരം ഒഴിയുമെന്ന് വ്യക്തമാക്കിയത്. ജനുവരി 20ന് അധികാരം ഒഴിയുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലത്തോട് വിയോജിപ്പുണ്ടെങ്കിലും 20-ാം തിയതി അധികാരക്കൈമാറ്റം ഉണ്ടാകുമെന്ന് പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു.

അതേസമയം 2024ല്‍ വീണ്ടു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കിക്കൊണ്ടാണ് ട്രംപ് പടിയിറങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ നിയമപരമായ വോട്ടുകള്‍ മാത്രമേ കണക്കാക്കുകയുള്ളുവെന്ന് ഉറപ്പിക്കാനുള്ള പോരാട്ടം താന്‍ തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അധികാര കൈമാറ്റത്തിന് തയ്യാറായില്ലെങ്കില്‍ പ്രസിഡന്റിനെ നീക്കാന്‍ വൈസ് പ്രസിഡന്റിനും ക്യാബിനറ്റിനും അധികാരം നല്‍കുന്ന നിയമം പ്രയോഗിക്കാന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇലക്ടറല്‍ കോളേജുകളിലെ ഒബ്ജക്ഷനുകള്‍ ചര്‍ച്ച ചെയ്ത് യുഎസ് കോണ്‍ഗ്രസ് ബൈഡന്റെ വിജയം അംഗീകരിച്ചത്.

ക്യാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ കടന്നു കയറി നടത്തിയ കലാപം ട്രംപിന് സ്വന്തം പാര്‍ട്ടിക്കുള്ളിലെ പിന്തുണ കൂടി ഇല്ലാതാക്കിയിരുന്നു. ഇലക്ടറല്‍ കോളേജ് ചര്‍ച്ചയില്‍ ചില റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പ്രതികരണം ഇത് വ്യക്തമാക്കി. ജോ ബൈഡന്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റായി 20-ാം തിയതി അധികാരമേല്‍ക്കും.