കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 80 ആയി ഉയര്‍ന്നു; രോഗബാധിതര്‍ 2700ലേറെപ്പേര്‍

ചൈനയില് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി.
 | 
കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 80 ആയി ഉയര്‍ന്നു; രോഗബാധിതര്‍ 2700ലേറെപ്പേര്‍

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. അമേരിക്കയിലും തായ്‌വാനിലും കൂടുതല്‍ ആളുകളില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ അഞ്ച് പേര്‍ യുഎസില്‍ രോഗബാധിതരായിട്ടുണ്ട്.

26 സ്‌റ്റേറ്റുകളില്‍ നൂറിലേറെയാളുകള്‍ നിരീക്ഷണത്തിലാണ്. തായ്‌വാനില്‍ നാല് പേര്‍ക്കാണ് രോഗബാധയുള്ളത്. ചൈനയില്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ ഹൂബെയിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടേക്കുള്ള പ്രവേശനം ചൈന നിരോധിച്ചിരിക്കുകയാണ്. രാജ്യത്ത് പൊതുഅവധി നീട്ടി നല്‍കി. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഹൂബെയില്‍ 24 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസ് വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി ചൈന വന്യജീവികളുടെ വില്‍പന നിരോധിച്ചിട്ടുണ്ട്. ചൈനയ്ക്കു പുറമെ ഹോങ്കോങ്, തയ്വാന്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, സിങ്കപ്പൂര്‍, നേപ്പാള്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മക്കാവു, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.