അമേരിക്കയിലും ഓസ്‌ട്രേലിയയിലും കൊറോണ മരണങ്ങള്‍; ബഹ്‌റൈനില്‍ രോഗബാധിതരുടെ എണ്ണം 41 ആയി

കൊറോണ വൈറസ് ബാധ മൂലമുള്ള കോവിഡ് രോഗം കൂടുതല് രാജ്യങ്ങളിലേക്ക് പടരുന്നു
 | 
അമേരിക്കയിലും ഓസ്‌ട്രേലിയയിലും കൊറോണ മരണങ്ങള്‍; ബഹ്‌റൈനില്‍ രോഗബാധിതരുടെ എണ്ണം 41 ആയി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ മൂലമുള്ള കോവിഡ് രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ആദ്യ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 41 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അമേരിക്കയിലെ വാഷിംഗ്ടണ്‍ സംസ്ഥാനത്താണ് ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയതത്.

ഇതോടെ സ്‌റ്റേറ്റില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 50 വയസ് പിന്നിട്ട പുരുഷനാണ് മരിച്ചത്. കൊറോണ മരണത്തിന്റെ പശ്ചാത്തലത്തില്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കൂടിയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. ദക്ഷിണ കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനങ്ങളോട് ആവശ്യപ്പെട്ടു.

ഇറാനില്‍ 43 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. പാര്‍ലമെന്റ് അംഗവും രോഗം ബാധിച്ച് മരിച്ചതോടെ ഇറാന്‍ പാര്‍ലമെന്റ് അടച്ചിരിക്കുകയാണ്. ഇറ്റലിയില്‍ 29 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ കൊറിയയില്‍ 17 പേരും മരിച്ചു.