ആഡംബര കപ്പലിലെ 10 യാത്രക്കാര്‍ക്ക് കൊറോണ ബാധ; കപ്പല്‍ ജപ്പാനില്‍ പിടിച്ചിട്ടു

ജപ്പാനിലെത്തിയ ക്രൂസ് കപ്പലിലെ 10 യാത്രക്കാര്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു.
 | 
ആഡംബര കപ്പലിലെ 10 യാത്രക്കാര്‍ക്ക് കൊറോണ ബാധ; കപ്പല്‍ ജപ്പാനില്‍ പിടിച്ചിട്ടു

യോക്കോഹാമ: ജപ്പാനിലെത്തിയ ക്രൂസ് കപ്പലിലെ 10 യാത്രക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കാര്‍ണിവലിന്റെ ഉടമസ്ഥതയിലുള്ള ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലെ യാത്രക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കപ്പല്‍ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടു. യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 യാത്രക്കാരെയും ജീവനക്കാരെയും കപ്പലില്‍ തന്നെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

കപ്പലില്‍ നിന്ന് ജനുവരി 25ന് ഹോങ്കോങ്ങില്‍ ഇറങ്ങിയ 80 വയസുകാരനായ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ കപ്പലിലെ 273 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതില്‍ ഫലം പുറത്തു വന്ന 31 പേരില്‍ 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കപ്പലിലെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ ക്യാബിനില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യാത്രക്കാരെ 14 ദിവസത്തോളം നിരീക്ഷിക്കും. ജീവനക്കാര്‍ മാസ്‌ക് ധരിച്ചാണ് ജോലി ചെയ്യുന്നത്. മുറികളില്‍ ഭക്ഷണം എത്തിച്ച് കൊടുക്കുകയാണ്. കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.