കോവിഡ് വാക്‌സിന്‍ കുരങ്ങുകളില്‍ വിജയകരം; മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

കൊറോണക്കെതിരെയുള്ള വാക്സിന് പരീക്ഷണം കുരങ്ങുകളില് വിജയകരമായെന്ന് റിപ്പോര്ട്ട്.
 | 
കോവിഡ് വാക്‌സിന്‍ കുരങ്ങുകളില്‍ വിജയകരം; മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

ബെയ്ജിംഗ്: കൊറോണക്കെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയകരമായെന്ന് റിപ്പോര്‍ട്ട്. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനോവാക്ക് ബയോടെക്ക് കമ്പനിയാണ് കുരങ്ങുകളിലെ പരീക്ഷണം വിജയമായെന്ന് അറിയിച്ചത്. റിസസ് കുരങ്ങുകളില്‍ രോഗം വരുന്നത് തടയാന്‍ വാക്‌സിനേഷനിലൂടെ സാധിച്ചു. പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായില്ലെന്നും ഇതേത്തുടര്‍ന്ന് മനുഷ്യരില്‍ ഇതിന്റെ പരീക്ഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏപ്രില്‍ 16നാണ് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചത്.

എട്ട് കുരങ്ങുകളിലായിരുന്നു പരീക്ഷണം. നാല് കുരങ്ങുകള്‍ക്ക് കൂടിയ അളവിലും നാല് കുരങ്ങുകള്‍ക്ക് കുറഞ്ഞ ഡോസിലും വാക്‌സിന്‍ നല്‍കി. മൂന്നാഴ്ചയ്ക്ക് ശേഷം ഇവയുടെ ശ്വാസകോശത്തിലേക്ക് ട്യൂബുകളുടെ സഹായത്തോടെ കൊറോണ വൈറസിനെ കടത്തിവിട്ടു. ഏഴ് ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയില്‍ ഇവയുടെ ശ്വാസകോശത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. കുരങ്ങുകള്‍ ഒന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെന്നും കമ്പനി അറിയിക്കുന്നു.

കൂടിയ ഡോസില്‍ വാക്‌സിന്‍ നല്‍കിയ കുരങ്ങുകളില്‍ വൈറസിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. അതേസമയം കുറഞ്ഞ ഡോസ് നല്‍കിയവയില്‍ നേരിയ ലക്ഷണങ്ങള്‍ കണ്ടെത്തി. പക്ഷേ അവയ്ക്ക രോഗബാധയെ അതിജീവിക്കാന്‍ കഴിഞ്ഞു. വാക്‌സിന്‍ നല്‍കാത്ത കുരങ്ങുകളില്‍ ന്യുമോണിയ ഉള്‍പ്പെടെയുള്ള കടുത്തരോഗലക്ഷണങ്ങള്‍ കണ്ടെത്തിയെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.